Latest NewsKeralaNews

ചാനലിന്റെ കാർ അടിച്ചു തകര്‍ത്തതില്‍ തോമസ്‌ ചാണ്ടിയ്ക്ക് എന്തായിരിയ്ക്കാം പങ്കെന്ന് വിശദമാക്കി അഡ്വ. ജയശങ്കര്‍

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മന്ത്രി തോമസ്‌ ചാണ്ടിയ്ക്ക് പിന്തുണയുമായി അഡ്വ. ജയശങ്കര്‍. ചാനലിന്റെ കാർ അടിച്ചു തകർക്കാൻ മാത്രം സംസ്കാര ശൂന്യനല്ല തോമസ്‌ ചാണ്ടിയെന്നും ഒരു നാള്‍ സത്യം പുറത്ത് വരുമെന്നും ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെ സകല മാധ്യമങ്ങളും ചാണ്ടിച്ചായനെ പുകഴ്ത്തുമെന്നും ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ആലപ്പുഴ ഓഫീസിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ല് ഏതോ കളളുകുടിയൻ തല്ലിപ്പൊട്ടിച്ചു. അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല. ഇന്നാട്ടിൽ കുടിയന്മാർ ഒരുപാടുണ്ട്, മാധ്യമ സ്ഥാപനങ്ങൾക്കു നേരെയുളള ആക്രമണവും ആദ്യമായല്ല നടക്കുന്നത്. ഗതാഗത മന്ത്രി കുവൈറ്റ് ചാണ്ടിയുടെ ഭൂപരിഷ്കരണവും കായൽ കയ്യേറ്റവും സംബന്ധിച്ച് ഏഷ്യാനെറ്റ് ചാനൽ നേരോടെ നിരന്തരം നിർദ്ദയം വാർത്ത കൊടുക്കുന്നതിനിടയ്ക്കാണ് ഇപ്പോഴത്തെ അനിഷ്ട സംഭവം. അതുകൊണ്ടു തന്നെ പാവം അച്ചായനെ ആളുകൾ സംശയിക്കുന്നു, പരോക്ഷമായെങ്കിലും കുറ്റപ്പെടുത്തി സംസാരിക്കുന്നു.

അറിയാവുന്നവർക്കറിയാം, ചാണ്ടിച്ചായൻ ആ ടൈപ്പ് ആളല്ലെന്ന്. ആൾ മാന്യനും മര്യാദക്കാരനുമാണ്. ചാനലിന്റെ കാർ അടിച്ചു തകർക്കാൻ മാത്രം സംസ്കാര ശൂന്യനല്ല. കരുണാകരന്റെ ഡിഐസിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലത്ത് അച്ചായനെ കുറിച്ച് എന്നാഒക്കെ അനാവശ്യമാണ് നമ്മുടെ ദേശാഭിമാനി പത്രം എഴുതിപ്പിടിപ്പിച്ചത്. ദേശാഭിമാനിയുടെ ഒരോഫീസും തകർത്തില്ല, ഒരു ലേഖകനെയും തല്ലിയില്ല. ഒടുവിൽ പാർട്ടിയും പത്രവും സത്യം തിരിച്ചറിഞ്ഞു, അച്ചായനെ എംഎൽഎയും മന്ത്രിയുമാക്കി. നീതിമാൻ പനപോലെ വളരും ലെബനോണിലെ ദേവദാരു പോലെ തഴയ്ക്കും എന്ന ബൈബിൾ വാക്യം പരമാർത്ഥമായി.

നാളെയല്ലെങ്കിൽ മറ്റന്നാൾ ഇതിൻ്റെ സത്യവും വെളിവാകും. ഏഷ്യാനെറ്റിൻ്റെ തെറ്റിദ്ധാരണയും നീങ്ങും. സകല മാധ്യമങ്ങളും ചേർന്ന് ചാണ്ടിച്ചായനെ മഹത്വപ്പെടുത്തും.
നീതിമാൻ ഏഴുതവണ വീണാലും എഴുന്നേല്ക്കും; പാപിയോ അനർത്ഥത്തിൽ നശിച്ചുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button