ന്യൂയോർക്ക്: ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ പലസ്തീൻ ജനതയോട് ആഹ്വാനം ചെയ്തു. ഇസ്രയേൽ–പലസ്തീൻ സമാധാന ഉടമ്പടി മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അനിവാര്യമാണെന്നും യുഎൻ പൊതുസഭയിൽ ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ പിറ്റേന്നാണ് പലസ്തീൻ പ്രശ്നം അൽ സിസി പരാമർശിച്ചത്.
‘പലസ്തീൻ ജനതയുടെ ഐക്യം പ്രധാനമാണെന്നും ഭിന്നതകൾ മറികടന്ന് ഇസ്രയേലുമായുള്ള സഹവർത്തിത്വം അംഗീകരിക്കാൻ ഒരുങ്ങേണ്ടതും പ്രധാനമാണെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. 1979 ലെ ഇസ്രയേൽ– ഈജിപ്ത് സമാധാനക്കരാർ പലസ്തീനിലേക്കും വ്യാപിപ്പിക്കാൻ അദ്ദേഹം ഇസ്രയേലിനോടും അഭ്യർഥിച്ചു. ഈജിപ്ത് വെസ്റ്റ് ബാങ്ക് ആസ്ഥാനമായ മഹ്മൂദ് അബ്ബാസിന്റെ പലസ്തീൻ അതോറിറ്റിയും 2007 മുതൽ ഗാസാ മുനമ്പിലെ ഭരണം നിയന്ത്രിക്കുന്ന ഹമാസും തമ്മിലുള്ള വൈരം തീർക്കാൻ മധ്യസ്ഥ ചർച്ചകൾ നടത്തിവരികയാണ്.
കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു നേതാക്കൾ ഇസ്രയേൽ സന്ദർശിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സന്ദർശനം ചരിത്രപരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.
നെതന്യാഹു ഇറാനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. സ്ഥിര സൈനികത്താവളങ്ങൾ സിറിയയിൽ സ്ഥാപിക്കാനുള്ള ഇറാന്റെ നീക്കം അനുവദിക്കില്ല. മധ്യപൂർവദേശത്തെ ഗ്രസിക്കുന്ന ‘ഇറാനിയൻ മറ’യ്ക്കെതിരെ പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments