അഹമ്മദാബാദ്: നര്‍മദ ജില്ലയിലെ കേവാദിയയില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. പരമാവധിശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നര്‍മദാപൂജയോടെയാണ് മോദി നിര്‍വഹിക്കുക. ഇതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഡാം എന്ന പദവി നര്‍മദ ഡാമിന് ലഭിയ്ക്കും.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും സംഭരണശേഷി ഉയര്‍ത്താന്‍ അനുമതി ലഭിച്ചത്. 1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള നര്‍മദാ ഡാം 56 വര്‍ഷം മുമ്പ് ജവഹര്‍ലാല്‍ നെഹ്രു തറക്കല്ലിട്ടശേഷം ഇപ്പോഴാണ് പൂര്‍ണമായത്. അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ വലുതും ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാമതും എത്തുന്നത്ര ബൃഹത്താണ് ഇതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
അതേസമയം ഡാമിന്റെ ജല സംഭരണനിരപ്പ് ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മധ്യപ്രദേശിലെ ബര്‍വാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ മേധാ പട്കറിന്റെ നേതൃത്വത്തില്‍ ജലസത്യാഗ്രഹസമരവും വെള്ളിയാഴ്ച തുടങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ മുങ്ങുന്ന 192 ഗ്രാമങ്ങളിലൊന്നാണ് ഇത്. പുനരധിവാസം പൂര്‍ത്തീകരിക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടിയെന്നാണ് ആരോപണം. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം കിട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല.
അണക്കെട്ടിന്റെ പേരില്‍ ബി.ജെ.പി. നുണ പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൃഷിസ്ഥലങ്ങളിലേക്കുള്ള 43,000 കിലോമീറ്റര്‍ കനാലുകളില്‍ 18000 മാത്രമേ പൂര്‍ത്തിയായുള്ളു എന്നിരിക്കെ പത്തുലക്ഷം ഹെക്ടറിലും വെള്ളമെത്തില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വ്യവസായങ്ങള്‍ക്കായി വെള്ളം വന്‍തോതില്‍ മറിച്ചുനല്‍കുന്നുവെന്നും ആരോപിച്ചു.
Post Your Comments