ലാഹോര്‍: ലോക ഇലവനെതിരെ സ്വന്തം രാജ്യത്ത് പാകിസ്താന്‍ കളിക്കാനിറങ്ങിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി. കുറേ നാളുകള്‍ക്ക് ശേഷം പാക് മണ്ണില്‍ വിരുന്ന് വന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റായിരുന്നു അത്.
2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ ഉണ്ടായ ഭീകരവാദി ആക്രമണത്തിനു ശേഷം മറ്റു ടീമുകളെല്ലാം പാക് മണ്ണില്‍ കളിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ അതിനിടെ 2015ല്‍ സിംബാബ്വെ ആ മണ്ണില്‍ കളിച്ചിരുന്നു. പാക് മണ്ണില്‍ വീണ്ടും ക്രിക്കറ്റ് വന്നതോടെ ഇതിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ടിക്കറ്റെല്ലാം ഏകദേശം വിറ്റുതീര്‍ന്നതോടെ കളി കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് കുറച്ചാരാധകര്‍.
ഈ സാഹചര്യത്തില്‍ ഒരു ആരാധകന്‍ കണ്ടു പിടിച്ച വഴി ഇങ്ങനെയാണ്. പാകിസ്താനും ലോക ഇലവനും തമ്മിലുള്ള മത്സരം കാണാന്‍ ആരെങ്കിലും ടിക്കറ്റ് തരുകയാണെങ്കില്‍ ഒരു വര്‍ഷം അയാളുടെ മുടി സൗജന്യമായി വെട്ടിത്തരാമെന്നാണ് ഒരു ബാര്‍ബറുടെ വാഗ്ദ്ധാനം. ബഹവാല്‍പുരിലെ തന്റെ ബാര്‍ബര്‍ കടക്ക് മുന്നിലാണ് അയാള്‍ ഇങ്ങനെയൊരു പോസ്റ്റര്‍ ഒട്ടിച്ചുവെച്ചത്. ഇതിനെ തുടര്‍ന്ന് പാകിസ്താനെ അഭിനന്ദിച്ചുള്ള നിരവധി ട്വീറ്റുകള്‍ വന്നു കഴിഞ്ഞു. ലോഹാറില്‍ നിന്നുള്ള ഒരു ആരാധകന്‍ ഒരു വര്‍ഷം മുടി വെട്ടാനാവുന്ന ചിലവും കണക്കുകൂട്ടിയിട്ടുണ്ട്. ഒരു തവണ മുടിവെട്ടാന്‍ നല്‍കേണ്ടത് 100 രൂപ. അങ്ങിനെയെങ്കില്‍ 12 മാസത്തിന് 1200 രൂപ. ഇതില്‍ ലാഭം ബാര്‍ബര്‍ക്കാണെന്നാണ് ലോഹോറുകാരന്റെ കണ്ടുപിടിത്തം. നിലവില്‍ പാകിസ്താന്റെ അന്താരാഷ്ട്ര താരങ്ങള്‍ക്കെല്ലാം സ്വന്തം മണ്ണില്‍ കളിച്ചുള്ള പരിചയം കുറവാണ്.
Post Your Comments