അഹമ്മദാബാദ്: നെഹ്‌റു തറക്കല്ലിട്ട ഡാം മോദി ഉദ്ഘാടനം ചെയ്യും. 56 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് 1961-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ സര്‍ദാര്‍ സരോവര്‍ ഡാമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബര്‍ 17-ന് ഈ ഡാം രാഷ്ട്രത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകള്‍ തുറന്നു കൊണ്ടായിരിക്കും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു.
അദ്ദേഹത്തിന് ഈ ജന്മദിനത്തില്‍ നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത മേഖലകളില്‍ ഡാമിലെ ജലമെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നുവെന്ന് വിജയ് റുപാണി പറയുന്നു. സര്‍ദാര്‍ സരോവര്‍ പദ്ധതി ഇത്ര വൈകാന്‍ കാരണം കോണ്‍ഗ്രസായിരുന്നുവെന്നും വിജയ് റുപാണി കുറ്റപ്പെടുത്തുന്നു.
യുപിഎ സര്‍ക്കാര്‍ ഡാമില്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏഴ് വര്‍ഷത്തോളം തടഞ്ഞു വച്ചു. പിന്നീട് 2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ വെറും 17 ദിവസം കൊണ്ടാണ് ഈ അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ 16-നാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയ്ക്കുവാന്‍ നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചത്. അന്ന് തൊട്ട് ജലം പുറത്തു പോവാത്ത രീതിയില്‍ ഡാമിന്റെ ഗേറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്.
138 മീറ്ററായി ഗേറ്റുകള്‍ അടച്ച ശേഷം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. സംഭരണശേഷി 4.73 മില്ല്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിക്കുകയും ചെയ്തു. നേരത്തെയിത് 1.27മില്ല്യണ്‍ ക്യൂബിക് മീറ്ററായിരുന്നു. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് നര്‍മദ നദിയില്‍ നിന്നുള്ള ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലേക്ക് ഡാമില്‍ നിന്നുള്ള ജലം കനാലുകളിലൂടെ ഒഴുകിയെത്തും.
Post Your Comments