റിയാദ് : സൗദിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മോചിതനായി. കോഴിക്കോട് മുക്കം സ്വദേശി മുജീബാണ് ഭീമമായ നഷ്ടപരിഹാരം നല്‍കാനാകാതെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നത്. പൊതുപ്രവര്‍ത്തകര്‍ സഹായഹസ്തവുമായി രംഗത്തിറങ്ങിയതാണ് മോചനത്തിലേക്ക് വഴി തെളിയിച്ചത്.
വാഹനാപകട കേസില്‍ പെട്ട് പതിനൊന്നായിരത്തോളം സൗദി റിയാല്‍ അതായത് രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിന്റെ പേരിലാണ് കോഴിക്കോട് മുക്കം സ്വദേശി മുജീബ് ഒന്നര വര്‍ഷം മുമ്പ് ജിദ്ദയില്‍ തടവിലായത്. ഇതേ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലും പൊതുപ്രവര്‍ത്തകര്‍ മുജീബ് സഹായ സമിതികള്‍ രൂപീകരിച്ചു രംഗത്തിറങ്ങി. പൊതുപ്രവര്‍ത്തകര്‍ വഴി ജിദ്ദയിലെ പ്രമുഖ അഭിഭാഷകര്‍ കാര്യമായ പ്രതിഫലം വാങ്ങാതെ മുജീബിന്റെ കേസ് ഏറ്റെടുത്തു. ഏതാനും ദിവസം മുമ്പുണ്ടായ കോടതി വിധിയെ തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും നല്‍കാതെ തന്നെ മുജീബ് ജയില്‍ മോചിതനായി. സഹായിച്ചവര്‍ക്ക് മുജീബ് നന്ദി പറഞ്ഞു.
എന്നാല്‍ കേസ് പൂര്‍ണമായും അവസാനിച്ചിട്ടില്ല. 2016 ഫെബ്രുവരിയില്‍ ആയിരുന്നു സൗദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആഡംബര കാറും മുജീബിന്റെ വാഹനവും കൂട്ടിയിടിച്ചത്. മുജീബിന്റെ വാഹന ഇന്‍ഷുറസ് കാലാവധി തീര്‍ന്നതാണ് തടവിലാകാനുള്ള പ്രധാന കാരണം.
Post Your Comments