അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം കൊച്ചി സ്വദേശി മാനേക്കുടി മാത്യു വർക്കിയെതേടി അപ്രതീക്ഷിതമായാണ് എത്തിയത്. കഴിഞ്ഞ 33 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. കൂടെ താമസിക്കുന്ന കർണാടക സ്വദേശി സിറിൾ ഡിസിൽവ, പാക്കിസ്ഥാൻ സ്വദേശി ദിൽ മുറാദ് എന്നിവരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്.
ദൈവം തന്ന സമ്മാനമാണ് ഇത്. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാർക്ക് പണം തുല്യമായി വീതിച്ചു നൽകുകയാണ് ആദ്യത്തെ കർത്തവ്യം. 500 ദിര്‍ഹമുള്ള ടിക്കറ്റിന് 250 ദിർഹം മാത്യു വർക്കിയും ബാക്കി 250 ദിർഹത്തിൽ 125 ദിർഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. എല്ലാം തീരുമാനിക്കുന്നത് ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്നും മാത്യു വർക്കി പറയുന്നു. മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മ മാത്യു അൽഐൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ടോണി മാത്യു പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.
Post Your Comments