ന്യൂഡല്‍ഹി: ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മോചനത്തിനു വേണ്ടി ശ്രമിച്ച ഒമാന്‍ സുല്‍ത്താനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒമാന്‍ സര്‍ക്കാരും വത്തിക്കാനും നടത്തിയ ഇടപെടലാണ് മോചനത്തിനു കാരണമായത്.
ഫാ. ടോം ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മോചനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് അറിവുണ്ടായിരുന്നില്ല. ഒമാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരിട്ടെത്തിയാണ് വാര്‍ത്ത സ്ഥീകരിച്ചത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്‌കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒമാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നല്‍കി വരികയണ്. ബുധനാഴ്ച തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ചെയ്ത ശേഷമാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. 2016 മാര്‍ച്ച് നാലിനായിരുന്നു സംഭവം. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
Post Your Comments