
ന്യൂഡല്‍ഹി: ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മ്യാന്‍മറിലെ റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദലൈലാമ രംഗത്തെത്തിയിരുന്നു. റോഹിങ്ഗ്യകളെ അവര്‍ എങ്ങനെയൊക്കെയാണ് ഉപദ്രവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലെയെന്ന് അദ്ദേഹം ചോദിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും ബുദ്ധന്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമെന്നും ദലൈലാമ പറഞ്ഞു. കൂടാതെ തനിക്ക് റോഹിങ്ഗ്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അതീവ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റോഹിങ്ഗ്യകളുടെ കൂട്ടപ്പലായനം ഉണ്ടായത് മ്യാന്മറിലെ റാഖിനില്‍ സൈന്യവുമായി റോഹിങ്ഗ്യന്‍ സായുധ വിഭാഗമായ ആര്‍സയും തമ്മില്‍ ആഗസ്റ്റ് 25 ന് ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ്. റോഹിങ്ഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചാണ് സൈനിക പോസ്റ്റിന് നേരെ ആര്‍സ നടത്തിയ ആക്രമണത്തിന് സൈന്യം പ്രതികാര നടപടി തുടങ്ങിയത്.
സൈനിക നടപടിയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തീവ്രവാദികളാണെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാട്. മൂന്നുലക്ഷത്തോളം റോഹിങ്ഗ്യകളാണ് സൈനിക നടപടിയെതുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തതെന്നാണ് കണക്കുകള്‍.
Post Your Comments