തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന രണ്ടു സംസ്ഥാന ഹൈവേകളുടെ നിര്‍മാണം നവംബര്‍ ഒന്നിനു തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 6500 കോടി രൂപ ചെലവു വരുന്ന തീരദേശ ഹൈവേ, 3500 കോടി ചെലവു വരുന്ന മലയോര ഹൈവേ എന്നിവ നാലുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ, മണ്ണു പരിശോധന എന്നിവ തുടങ്ങി.
തീരദേശ പാതയുടെ നിര്‍മാണം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും മലയോരപാതയുടെ നിര്‍മാണം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും തുടങ്ങാനാണു മരാമത്ത് വകുപ്പിന്റെ തീരുമാനം. രണ്ടു ജില്ലകളിലെ മലയോര പാതയുടെ രൂപരേഖ നാറ്റ്പാക് നേരത്തേ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തീരപാതയുടെ രൂപരേഖ മരാമത്ത് വകുപ്പു തന്നെയാണു തയാറാക്കുന്നത്. നാറ്റ്പാക്കിന്റെ നേതൃത്വത്തിലുള്ള മണ്ണുപരിശോധന ഈ മാസം പൂര്‍ത്തിയാകും.
രണ്ടു ഹൈവേകള്‍ക്കും 12 മീറ്റര്‍ വീതിയായിരിക്കും – ഏഴു മീറ്ററില്‍ രണ്ടുവരിപ്പാത; ബാക്കി ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കും. സ്ഥലമേറ്റെടുപ്പു ബുദ്ധിമുട്ടുള്ള മേഖലകളില്‍ എട്ടുമീറ്ററായിരിക്കും പാതയുടെ വീതി. ആദ്യഘട്ടത്തിന് അടുത്ത മാസം കിഫ്ബിയില്‍ നിന്നു പണം ലഭ്യമാക്കാനാണു മരാമത്ത് വകുപ്പിന്റെ ശ്രമം. ഒരു വര്‍ഷത്തിനകം 2500 കോടി രൂപയാണു കിഫ്ബിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
തീരദേശ ഹൈവേ- ചെലവ് 6500 കോടി രൂപ
തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 657 കിലോമീറ്റര്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വഴി.
28 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കും.
നാലു റെയില്‍വേ മേല്‍പാലങ്ങളും 14 പാലങ്ങളും നാലു മേല്‍പാലങ്ങളും നിര്‍മിക്കും.
മലയോര ഹൈവേ-ചെലവ് 3500 കോടി
കാസര്‍കോട് – തിരുവനന്തപുരം: 1267 കിലോമീറ്റര്‍
ആലപ്പുഴ ഒഴികെ 13 ജില്ലകള്‍ വഴി.
650 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കേണ്ടിവരും.
ബാക്കി നിലവിലുള്ള റോഡുകള്‍ ഉപയോഗിക്കും.
കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ നിര്‍മാണം ആദ്യഘട്ടത്തില്‍
Post Your Comments