സിനിമകൾ ജനങ്ങളെ സ്വാധീനിക്കാറുണ്ട്.സിനിമാ രംഗങ്ങൾ ജീവിതത്തിലേയ്ക്ക് നല്ല ഉദ്ദേശങ്ങളോടെ പകർത്തുന്നവരുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താരങ്ങളെ മാതൃകയാകുന്നവർ ഏറെയാണ്.എന്നാൽ കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രഞ്ജിത് എന്ന കാക്ക രഞ്ജിത്തിന്റേത് വ്യത്യസ്തമായ ഒരു അനുകരണമാണ്.ഞെട്ടിക്കുന്നതും..
സിനിമയില്‍ മോഹന്‍ലാല്‍ ഒക്കെ സ്പിരിറ്റ് കടത്തുന്നില്ലേ? ജീവിക്കാന്‍ വേണ്ടി ഞാനും സ്വര്‍ണം കടത്തി എന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഉപയോഗിക്കാതെ എറണാകുളം, തൃശൂര്‍, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന കാക്ക രഞ്ജിത്തിനെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്.
കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവര്‍ച്ച നടത്തുന്നതില്‍ മിടുക്കനാണ് രഞ്ജിത്.തമിഴ്നാട്ടിലും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. താൻ ജനിച്ച ജീവിത സാഹചര്യങ്ങളും കൂട്ടുകെട്ടുകളുമാണ് തന്നെ ഇങ്ങനെയാക്കി തീർത്തതെന്നു പറയുന്ന രഞ്ജിത് ഒന്ന് കൂടി പറയുന്നു,ഇടയ്ക്ക് മാനസാന്തരം വന്നു ബംഗളൂരുവില്‍ ബേക്കറിയും റെഡിമെയ്ഡ് ഷോപ്പുമായി ജീവിതം ആരംഭിച്ച താൻ വീണ്ടും പഴയത് പോലെയാകാൻ കാരണം പോലീസുകാരാണ്.
കോയമ്പത്തൂര്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലായപ്പോള്‍ അവിടത്തെ റെയില്‍വെ പോലീസിലെ വനിതാ സി.ഐയുടെ സ്നേഹത്തോടെയും കരുണയോടെയുമുള്ള പെരുമാറ്റത്തിൽ മനസ്സ് മാറി അവർക്ക് കൊടുത്ത വാക്കിനെ മാനിച്ചു രഞ്ജിത് ഈ തൊഴിലിൽ നിന്നും പിൻവാങ്ങിയിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് അവര്‍ തരുന്നതെന്നാണ് രഞ്ജിത്ത് പറയുന്നത്.മാനസാന്തരം വന്നെങ്കിലും തനിക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പ്രതിയെ കിട്ടാത്ത കേസുകൾ ഒടുവിൽ തന്റെ തലയിൽ വെച്ച് കെട്ടുകയാണ് പതിവെന്നും രഞ്ജിത് പറയുന്നു.
Post Your Comments