കൊച്ചി: ഇന്ധന വില കൂടുന്നതിന് പുറമേ, സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കും വില കയറുന്നു. ഒാണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളില്‍ ചിലതിന്റെ വില കുറഞ്ഞു തുടങ്ങിയെങ്കിലും അരി, ഉള്ളി, വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങിയ പല ഇനങ്ങളുടെയും വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് ഉയരുമ്പോള്‍ വരും ദിവസങ്ങളില്‍ വിലക്കയറ്റം കൂടുതല്‍ ഉല്പന്നങ്ങളെ ബാധിക്കാനാണ് സാധ്യത.
സര്‍ക്കാര്‍ ഇടപെട്ടിട്ടും വിലക്കയറ്റം തടയാന്‍ കഴിഞ്ഞിട്ടില്ല. പാചകവാതക വിലയിലും ഗണ്യമായ വര്‍ധനവുണ്ടായി. ഇതിനൊക്കെ പുറമേ, ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ 14ന് സമരം തുടങ്ങുകയാണ്. ജൂലൈ ഒന്നിന് കിലോക്ക് 147 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 175 ആയി. ചിലയിടങ്ങളില്‍ 180 രൂപ വരെ ഇൗടാക്കുന്നുണ്ട്. കൊപ്ര ക്ഷാമമാണ് വിലവര്‍ധനവിന് പ്രധാന കാരണമായി പറയുന്നത്. ഉള്ളിവില ഇപ്പോഴും 80-90 രൂപയില്‍ തന്നെയാണ്. വെള്ളക്കടല 140, കുത്തരി 50, പച്ചരി 30–32, പഞ്ചസാര 41-42 എന്നിങ്ങനെയാണ് കൊച്ചിയിലെ വില.
ഏത്തക്കായയുടെ വില കിലോക്ക് 60 മുതല്‍ 66 രൂപ വരെയാണ്. ഞാലിപ്പൂവന്, കദളി ഇനങ്ങള്‍ക്ക് കിലോക്ക് 75 രൂപക്ക് മുകളിലാണ് വില. പഴം വിപണിയില്‍ ഇറക്കുമതി ചെയ്ത ആപ്പിളിന് 200 രൂപ വരെയും ഒാറഞ്ചിന് 150-200 രൂപയും വിലയുണ്ട്. അതേപോലെ, സ്വര്‍ണവില ഒരു മാസത്തിനിടെ പവന് 1200 രൂപ വര്‍ധിച്ചു.
Post Your Comments