മസ്കറ്റ്: കൃത്യമായി ശമ്പളം ലഭിക്കാതെയും മതിയായ ജീവിത സൗകര്യങ്ങള്‍ ഇല്ലാതെയും മസ്കറ്റില്‍ അന്‍പതിലേറെ തൊഴിലാളികള്‍ ദുരിതജീവിതത്തില്‍. നാട്ടിലേക്ക് മടക്കി അയക്കണം എന്ന അപേക്ഷയുമായി മസ്കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് ഈ തൊഴിലാളികള്‍. ശമ്പമില്ലാത്തതിനാല് ആഹാരം പോലുമില്ലാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. മസ്കറ്റിലെ അല്‍ കൂവറില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ അകപെട്ടിരിക്കുന്നത്.
51 പേര് അടങ്ങുന്ന ഈ തൊഴിലാളികള്‍, ഇന്ത്യയില്‍ അറുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെ വിസക്ക് ഫീസ് നല്‍കിയാണ് മസ്കറ്റില്‍ എത്തിയിട്ടുള്ളത്. സിവില്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ, വിവിധ ട്രേഡുകളില്‍ ഡിപ്ലോമ ഉള്ളവരും നിര്‍മാണ രംഗത്ത് പരിചയസമ്പന്നരും ഇതില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍ സ്ഥലങ്ങളില്‍ മതിയായ സുരക്ഷയും ,വൈദ്യ സഹായവും , താമസ സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യവും വൃത്തിയും ഇല്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. തൊഴില്‍ ഉടമയ്ക്കെതിരെ എംബസിയിലും, ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലും പരാതി നല്‍കിയത് മൂലം തങ്ങളുടെ ലേബര്‍ ക്യാമ്പിലേക്ക് മടങ്ങി പോകുവാന്‍ ഇവര്‍ ഭയപെടുന്നതുമുണ്ട്.
ആയതിനാല്‍ താല്‍ക്കാലികമായി, ഒരു പാക്കിസ്ഥാന് സ്വദേശിയുടെ മൂന്നു മുറിയുള്ള ഫ്ളാറ്റില്‍, ഈ അന്‍പത്തി ഒന്ന് പേര് ഒരുമിച്ചാണ് താമസിച്ചു വരുന്നത്.കുടിശിക ശമ്പളം നല്കി തങ്ങളെ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടക്കിഅയക്കുവാന്‍ അധികാരികളോട് ആവശ്യപ്പെടുകയാണ് തൊഴിലാളികള്‍.
Post Your Comments