KeralaLatest NewsNews

കേന്ദ്രമന്ത്രിയായശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യമായി കേരളത്തില്‍ : നിരാശ മറന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ഒന്നിച്ചു

 

കൊച്ചി : സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു കണ്ണന്താനത്തിന്റെ അഭിപ്രായപ്രകടനം. രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിയ കണ്ണന്താനത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിച്ചു.

കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് തണുപ്പന്‍ പ്രതികരണമായിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് മന്ത്രിക്ക് വിപുലമായ സ്വീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അതേസമയം, മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ നിരാശയില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. അന്നേ ദിവസം ഓഫിസിന് ഓണാവധി ആയതിനാലാണ് ആഘോഷമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനം ഈ ദിവസങ്ങളില്‍ ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കും. കോട്ടയം ജില്ലയില്‍ റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികളാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം ആഘോഷിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button