
പൊന്‍കുന്നം : ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെ ഞെട്ടിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം . രാഷ്ട്രീയം മറന്ന് പഴയ സഹപ്രവര്‍ത്തകരെ കണ്ട കണ്ണന്താനം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തിയതാണ് ബിജെപി നേതാക്കളെ ഞെട്ടിച്ചത്. കൂരാലിയില്‍ സി.പി.എം എലിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് അല്‍ഫോന്‍സ് കണ്ണന്താനം അപ്രതീക്ഷത സന്ദര്‍ശനം നടത്തിയത്. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാപ്രസിഡന്റ് എന്‍. ഹരി തുടങ്ങിയ നേതാക്കള്‍ കണ്ണന്താനത്തിനു ഒപ്പമുണ്ടായിരുന്ന വേളയിലാണ് കേന്ദ്ര മന്ത്രിയുടെ ഈ സന്ദര്‍ശനം.
പൊന്‍കുന്നത്തെ സ്വീകരണം കഴിഞ്ഞ് പള്ളിക്കത്തോട്ടിലേക്കു പോകും വഴിയിയിരുന്നു സംഭവം. കൂരാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വീകരണത്തിനിറങ്ങിയപ്പോഴാണ് കൂടെയുള്ളവരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം മുന്‍കാല സഹപ്രവര്‍ത്തകരെ കണ്ട് പാര്‍ട്ടി ഓഫീസിലേക്ക് ഓടിക്കയറിയത്.
സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്. ഷാജി ഈ സമയം പാര്‍ട്ടി ഓഫീസിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി എം.എല്‍.എയായിരുന്നപ്പോള്‍ എലിക്കുളത്ത് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഷാജിയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് കണ്ണന്താനം ഓഫീസില്‍ കയറിയത്. തുടര്‍ന്ന് എല്ലാവരോടും കുശലം പറഞ്ഞ ശേഷമായിരുന്നു മടക്കം.
Post Your Comments