Latest NewsNewsInternational

അമേരിക്കയെ തകര്‍ത്തെറിയാന്‍ ഇര്‍മ തീരത്തോട് അടുക്കുന്നു; യു.എസില്‍ കൂട്ടപലായനം : ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്

 

ഫ്‌ളോറിഡ : ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഫ്ളോറിഡയില്‍ ഇന്ന് കനത്ത ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്.

ഇതുവരെ ഒഴിപ്പിച്ചത് 56 ലക്ഷം പേരെ

ഇര്‍മയില്‍ നിന്നു രക്ഷ തേടി ഫ്‌ളോറിഡയില്‍ 56 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളില്‍ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്േളാറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടര്‍ന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീര്‍ന്നു. 1992ല്‍ വീശിയടിച്ച ആന്‍ഡ്രൂ ചുഴലിക്കാറ്റിനേക്കാള്‍ വിനാശകാരിയാണ് ഇര്‍മയെന്നാണു വിലയിരുത്തല്‍. അന്ന് 65 പേരാണു മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ ക്യൂബയുടെ വടക്കന്‍ തീരത്ത് എത്തിയപ്പോള്‍ ഇര്‍മയുടെ വേഗം മണിക്കൂറില്‍ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു തരം താണിരുന്നു. ഫ്ളോറിഡയിലെത്തുമ്പോള്‍ വേഗം വീണ്ടും കൂടുമോ എന്നാണ് ആശങ്ക. കരീബിയന്‍ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇര്‍മ വിതച്ചത്. വടക്കന്‍ തീരത്തുള്ള റിസോര്‍ട്ടുകളില്‍ നിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സര്‍ക്കാര്‍ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇര്‍മ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു. ഹോട്ലൈന്‍: 202-258-8819.

ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രസര്‍ക്കാര്‍

അതേസമയം, ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

കരീബിയന്‍ ദ്വീപുകള്‍ തകര്‍ന്നടിഞ്ഞു, മരണം 24

അതിനിടെ, ഇര്‍മയുടെ പ്രഹരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ്‌സ്, ബഹാമസ്, സെന്റ് മാര്‍ട്ടിന്‍ ഐലന്‍ഡ്‌സ്, ബാര്‍ബുഡ, ആംഗില, സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശം വിതച്ച ഇര്‍മ, ക്യൂബ മേഖലയിലാണ് ഇപ്പോഴുള്ളത്.

ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു. രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന ബാര്‍ബുഡയില്‍ പത്തില്‍ ഒന്‍പതു കെട്ടിടങ്ങളും തകര്‍ന്നു. ദീപില്‍ ആകെ രണ്ടായിരത്തില്‍ താഴെ ജനങ്ങളേയുള്ളൂ. ഇവരില്‍ പകുതിയോളം പേരുടെ വീടുകള്‍ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇര്‍മയ്ക്കു പിന്നാലെ ഹോസെ, കാത്യ

അറ്റ്ലാന്റിക് സമുദ്രത്തില്‍ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നില്‍പ്പെട്ട കാത്യ ചുഴലിക്കാറ്റും കിഴക്കന്‍ മെക്സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇര്‍മയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

ഹാര്‍വിയേക്കാള്‍ കടുപ്പം ഇര്‍മ

ഹാര്‍വി ചുഴലിക്കൊടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറില്‍ 212 കിലോമീറ്ററായിരുന്നെങ്കില്‍, ഇര്‍മയുടെ നിലവിലെ വേഗം മണിക്കൂറില്‍ ഏതാണ്ട് 250 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ ‘അലന്റെ’ വേഗം മണിക്കൂറില്‍ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇര്‍മയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല.

ടെക്‌സസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണ് മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാര്‍വി നിമിത്തം 9,000 വീടുകള്‍ നിലംപൊത്തിയിരുന്നു. 1,85,000 വീടുകള്‍ക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഉദ്ഭവം കേപ് വെര്‍ദില്‍

അറ്റ്ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ളോയ്ഡ്, ഐവാന്‍ എന്നിവയും തീവ്രതയുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇര്‍മ കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ നേരത്തേതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button