തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച എസ് ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ എസ് ഐക്ക് ഗുരുതരമായും ബൈക്ക് യാത്രക്കാര്‍ക്ക് നിസാരമായും പരിക്കേറ്റു. പേരൂര്‍ക്കട സ്റ്റേഷന് എസ്ഐ ആര്.എസ്. ശ്രീകാന്തി (35)നാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12 മണിയോടെ അമ്പലമുക്ക് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ വേറ്റികോണം സ്വദേശികളായ ഗോകുല്‍ (20) ആഷിഖ് (21)എന്നിവര്‍ ബൈക്കില്‍ വരികയായിരുന്നു. പോലീസുകാര്‍ ബൈക്കിന് കാണിച്ചു. എന്നാല്‍ യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. തൊട്ടുസമീപം നില്‍ക്കുകയായിരുന്ന എസ്ഐ വീണ്ടും കൈ കാണിച്ചുവെങ്കിലും ബൈക്ക് എസ്ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയെയും ഗോകുലിനെയും ആഷിഖിനെയും ഉടന്‍ പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ എസ്ഐയെ പിന്നീട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. തലയിലും നെറ്റിയിലും പതിനഞ്ചോളം തുന്നലിട്ട എസ്ഐ ഇപ്പോള്‍ ഐസിസിയുവിലാണ്.
പരിക്കേറ്റ ഗോകുല്‍ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്. ആഷിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അലക്ഷ്യമായി അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ആഷിഖിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments