തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. ബീമപള്ളിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് എസ്ഐയ്ക്ക് മർദ്ദനമേറ്റത്. കേസിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പൂന്തുറ സ്റ്റേഷനിലെ എസ്ഐ എച്ച്പി ജയപ്രകാശ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഞായറാഴ്ച രാത്രിയാണ് എസ്ഐക്ക് അഞ്ചംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. വാഹനപരിശോധനയ്ക്ക് എസ്ഐ ഉള്‍പ്പെടെ നാലു പേർ ഉണ്ടായിരുന്നതായി പൂന്തുറ പൊലീസ് പറഞ്ഞു. വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനെ ചോദ്യം ചെയ്തെത്തിയ പ്രദേശവാസികളായ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
തർക്കത്തിനിടെ പ്രതികളിൽ ഒരാൾ ഇരുമ്പു കമ്പി എടുത്ത് എസ്ഐയ്ക്കു നേരെ വീശി. ഇതു തടയാൻ ശ്രമിച്ച എസ്ഐക്ക് അടിയേറ്റു. തുടർന്ന്, എസ്ഐയെ തലയിലും മുതുകിലും മർദ്ദിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്തതിനും അഞ്ചു പേർക്കെതിരെ കേസെടുത്തു.
Post Your Comments