ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളും ഇലക്‌ട്രിക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനം വൈദ്യുത വാഹനങ്ങളിലാണ് ഭാവിയെന്ന വസ്തുത അംഗീകരിച്ച് എല്ലാ പരമ്പരാഗത കാര്‍ നിര്‍മ്മാതാക്കളും കാലത്തിനൊത്ത് മുന്നേറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
കമ്പനി ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയത് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ടെക് ഫെസ്റ്റിലാണ്. ജെഎല്‍ആര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ റാല്‍ഫ് സ്പേത് 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളും ഇലക്‌ട്രിക് ആയിരിക്കുമെന്ന് വ്യക്തമാക്കി. ജെഎല്‍ആറിന്റെ ആദ്യ ഫുള്ളി ഇലക്‌ട്രിക് പെര്‍ഫോമന്‍സ് എസ്യുവിയായ ജാഗ്വാര്‍ ഐപേസ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഐപേസ് കൂടാതെ, ഇലക്‌ട്രിക് ജാഗ്വാര്‍ ഇ-ടൈപ്പ് സീറോയുടെ നിര്‍മ്മാണത്തിലാണ്. 1968 സീരീസ് 1.5 റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഇ-ടൈപ്പ് സീറോ നിര്‍മ്മിക്കുന്നത്. ഈ കാറിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.5 സെക്കന്‍ഡ് മതിയാകും. ജാഗ്വാര്‍ ഫ്യൂച്ചര്‍ടൈപ്പും ജെഎല്‍ആറിന്റെ പരിഗണനയിലുണ്ട്. ഈ കാര്‍ ഫുള്ളി ഓട്ടോണമസ് ആയിരിക്കും. ഇന്റലിജന്റ് സ്റ്റിയറിംഗ് ആയിരിക്കും പ്രധാന സവിശേഷത.
Post Your Comments