Latest NewsIndiaNews

‘നെഹ്‌റു യുവകേന്ദ്ര’ പദ്ധതിയുടെ പേര് മാറ്റുന്നു

ന്യൂഡല്‍ഹി: ‘നെഹ്‌റു യുവ കേന്ദ്ര’പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. പഴയ പേരിന് പകരം ‘നാഷണല്‍ യുവകേന്ദ്ര’ എന്നാക്കി മാറ്റാനാണ് യുവജനക്ഷേമ വകുപ്പിന്റെ തീരുമാനം. പേര് മാറ്റുന്നതിലൂടെ സംഘടനയ്ക്ക് യഥാര്‍ത്ഥത്തിലുള്ള ദേശീയസ്വഭാവം കൈവരുമെന്നാണ് യുവജനക്ഷേമ വകുപ്പിന്റെ പ്രമേയം പറയുന്നത്.

2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പേര് മാറ്റണമെന്ന നിര്‍ദേശം ആദ്യമായി വന്നത്. നെഹ്‌റുവിന്റെ പേര് മാറ്റി വിവേകാനന്ദന്റെ പേര് ചേര്‍ക്കാനും അല്ലെങ്കില്‍ നാഷണല്‍ യുവകേന്ദ്ര എന്നാക്കി മാറ്റാനും ആവശ്യമുയര്‍ന്നിരുന്നതായി ആര്‍.എസ്.എസ് നേതാവ് കൂടിയായ നെഹ്‌റു യുവകേന്ദ്ര മുന്‍വൈസ് പ്രസിഡന്റ് പറയുന്നു. 2015-16 കാലയളവിലാണ് ഇയാള്‍ നെഹ്‌റു യുവകേന്ദ്ര ഉപാധ്യക്ഷനായിരുന്നത്.

ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെറുപ്പക്കാരുടെ ഉന്നമനത്തിനായി 1972ലാണ് നെഹ്‌റു യുവകേന്ദ്ര (എന്‍വൈകെ) രൂപീകരിച്ചത്. 32 ജില്ലകളിലായിട്ടാണ് സംരംഭം ആരംഭിച്ചത്. 1986-87 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്വയംഭരണപദവി നല്‍കിയതോടെ എന്‍വൈകെ 311 ജില്ലകളിലേക്ക് വ്യാപിച്ചു. 1987ലാണ് നെഹ്‌റു യുവ കേന്ദ്ര സങ്കേതന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button