മനാമ: പ്രവാസികള്‍ ജീവിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഒന്നാമത്. ജീവിക്കാനും തൊഴിലെടുക്കാനും കുടുംബം പോറ്റാനും പറ്റിയ രാജ്യമായാണ് ഈ വര്‍ഷത്തെ സര്‍വേ ബഹ്റൈനിനെ വിലയിരുത്തുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13000 പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് വികസിത രാജ്യങ്ങളെയെല്ലാം പിന്തള്ളി ബഹ്റൈന്‍ ഒന്നാമതെത്തിയത്. മ്യൂണിക്ക് കേന്ദ്രമായ ഇന്റര്‍നാഷന്‍സ് നെറ്റ്വര്‍ക്കാണ് എക്സ്പാറ്റ് ഇന്‍സൈഡര്‍ എന്നു പേരുള്ള ഈ വാര്‍ഷിക സര്‍വേ സംഘടിപ്പിക്കുന്നത്. മാതൃരാജ്യത്തിന് പുറത്ത് താമസിക്കുന്ന ബിസിനസ് എക്സിക്യൂട്ടീവുമാര്‍, വിദ്യാര്‍ഥികള്‍, വിദഗ്ധ തൊഴിലാളികള്‍, വിശ്രമജീവിതം നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
സ്നേഹബഹുമാനങ്ങളോടെ സ്വാഗതം ചെയ്യുന്ന സമീപനമാണ് ഭരണകൂടവും തദ്ദേശീയരും പ്രവാസികളോട് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ബഹ്റൈന്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
കൂടുതല്‍ മലയാളികളുള്ള സൗദി, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 65 പ്രവാസി സൗഹൃദരാജ്യങ്ങളില്‍ ഏറ്റവും അവസാനത്തെ പത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്.
സര്‍വേയില്‍ ഇന്ത്യയ്ക്ക് 57ാം സ്ഥാനമാണുള്ളത്.
സുരക്ഷാ ഭീഷണി, സാംസ്ക്കാരികമായ ഉച്ചനീചത്വങ്ങള്‍, മറ്റു സംസ്ക്കാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിമുഖത, അധികരിച്ച ജോലിസമയം തുടങ്ങിയവയാണ് ഇന്ത്യയുടെ നില പരിതാപകരമാക്കിയതെന്ന് സര്‍വേ പറയുന്നു.
Post Your Comments