KeralaLatest NewsNews

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അടിമുടി മാറ്റം : അമിത ആഢംബരങ്ങള്‍ക്ക് തിരിച്ചടി

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അടിമുടി മാറുന്നു. വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്, എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്ന് ശുപാര്‍ശ. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്കിനും നിര്‍ദ്ദേശമുണ്ട്. കലോത്സവ മാന്വല്‍ അടിമുടി പരിഷ്‌ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു.

ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയത്തിനും കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്കും തടയിടാനാണ് മാന്വല്‍ പരിഷ്‌ക്കരണം. നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി അനുവദിക്കുന്നത്. ഈ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷക്കൊപ്പം ചേര്‍ക്കുമ്പോള്‍ വിജയ ശതമാനവും കുത്തനെ ഉയരും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കെണ്ടന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിന് വെയിറ്റേജായി ഗ്രേസ് മാര്‍ക്ക് പരിഗണിക്കും.

സംഗീത-നൃത്ത മത്സരങ്ങള്‍ക്ക് ശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാര്‍ത്ഥികളുടെ അറിവും കൂടി ചേര്‍ത്ത് വേണം ഗ്രേഡ് നിശ്ചയിക്കാന്‍. ആടയാഭാരണങ്ങള്‍ അമിതമായാല്‍ മൈനസ് മാര്‍ക്കിടും. എല്ലാം അത്യാവശ്യത്തിന് മാത്രം മതി.

എല്ലാ ഇനങ്ങളുടേയും നിയമാവലി പരിഷ്‌ക്കരിക്കാന്‍ ശുപാര്‍ശയുണ്ട്. കലാ പ്രതിഭാ-കലാ തിലക പട്ടങ്ങള്‍ ഒഴിവാക്കിയശേഷം വിദ്യാര്‍ത്ഥികളെ മേളയിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകമാണ് ഗ്രേസ് മാര്‍ക്ക്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്പോള്‍ എസ്.എസ്.എല്‍.സി വിജയശതമാനം മൊത്തത്തില്‍ കുറയാനും ഇടയാക്കും. അത് കൊണ്ട് ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാറിന്റെ അന്തിമതീരുമാനം നിര്‍ണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button