ന്യൂഡൽഹി: രോഹിൻഗ്യ അഭയാർഥികളുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. ഇന്ത്യയിലെത്തിയ രോഹിൻഗ്യ അഭയാർഥികളെ മ്യാൻമറിലേക്കു നാടുകടത്താനുള്ള തീരുമാനത്തിനെതിരായ ഹർജിയിലാണ് നിലപാടു തേടിയത്. കേസ് 11ലേക്കു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. യുഎൻ അഭയാർഥി ഹൈക്കമ്മിഷനു കീഴിൽ (യുഎൻഎച്ച്‌സിആർ) രജിസ്റ്റർ ചെയ്ത രോഹിൻഗ്യകളായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറുമാണു കോടതിയെ സമീപിച്ചത്.
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ തീരുമാനം ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. കേസ് തീർപ്പാകുംവരെ അഭയാർഥികൾക്കെതിരെ നടപടി പാടില്ലെന്ന ഉറപ്പു നൽകണമെന്നു ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ വാദിച്ചു. എന്നാൽ, ഉറപ്പു നൽകാനാവില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാണു മ്യാൻമറിൽനിന്നു പലായനം ചെയ്യുന്ന രോഹിൻഗ്യകൾ കുടിയേറുന്നത്. ഇന്ത്യയിലെത്തിയവർ ജമ്മു, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണു താമസം. കഴിഞ്ഞ 18നു ഇവരെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനും (എൻഎച്ച്ആർസി) കേന്ദ്രസർക്കാരിനു നോട്ടിസ് അയച്ചിരുന്നു.
Post Your Comments