ജയ്പുര്‍: കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകരെന്ന് സംശയിക്കുന്നവര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമിസംഘം രക്ഷപെട്ടു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജലോര്‍ ജില്ലയിലെ സയ്‌ലയിലുള്ള കാന്തിലാല്‍ ഭീലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു.
ഭീല്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത സിന്ധരി പ്രദേശത്തെ ഒരു ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുനടക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹവും സുഹൃത്തുക്കളും അവിടെയെത്തി കഴുതയെ വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് തിരിച്ചു. കഴുതയുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതുകണ്ട അക്രമി സംഘം മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു
Post Your Comments