മക്ക : ഹജ്ജിനിടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം നല്‍കുന്നതില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം 4,65,738 തീര്‍ഥാടകര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയതായി മന്ത്രി പറഞ്ഞു. 566 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും 28 പേര്‍ക്ക് ഹൃദയശസ്ത്രക്രിയകളും നടത്തി. വൃക്ക രോഗികള്‍ക്ക് 1,520 ഡയാലിസിസുകള്‍ നടത്തി. മക്കയിലെയും മദീനയിലെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 402 തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയിലെത്തിച്ചതായും മന്ത്രി വ്യക്തമാക്കി.
തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് അനുസൃതമായി മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികള്‍ വികസിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും 25 ആസ്പത്രികളും 158 ഹെല്‍ത്ത് സെന്ററുകളും ഈ വര്‍ഷം സജ്ജീകരിച്ചിരുന്നു. 31,000 ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രാലയം വിശുദ്ധ നഗരങ്ങളില്‍ നിയോഗിച്ചിരുന്നു.
തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുന്ന പതിനഞ്ച് അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും മന്ത്രി പറഞ്ഞു.
Post Your Comments