കരഞ്ഞുമടങ്ങിയ കുഞ്ഞ് ആരാധകന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കിടിലം സര്‍പ്രൈസ് നല്‍കി. നിരാശാജനകമായ സമനിലയില്‍ കലാശിച്ച യുറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തിലും ആരാധകരെ കൈവിട്ടില്ല അര്‍ജന്റീനയുടെ സൂപ്പര്‍താരം. മത്സരം നടന്ന മോണ്ടിവിഡിയോയിലാണ് സംഭവം.
മത്സരത്തിന് മുന്‍പ് ടീമിനൊപ്പം ഹോട്ടലിലേയ്ക്ക് പോവുകയായിരുന്നു മെസ്സി. ഹോട്ടലിലേയ്ക്ക് കയറുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാഭടന്മാര്‍ക്ക് ഇടയിലൂടെ തന്റെ പ്രിയതാരത്തിന്റെ അടുത്തെത്താന്‍ ഒരു ബാലന്‍ ശ്രമം നടത്തി. എന്നാല്‍, സുരക്ഷാഭടന്മാര്‍ അവനെ പിടികൂടി പൊക്കിയെടുത്ത് മാറ്റി ഓടിച്ചുവിട്ടു. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട മെസ്സി ഉടനെ പുറത്തേയ്ക്ക് വന്ന് സുരക്ഷാഭടന്മാരോട് ബാലനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു.
നിറകണ്ണുകളോടെ ഓടിയെത്തിയ ബാലനെ ചേര്‍ത്തുപിടിച്ച മെസ്സി അവന്‍ കൊടുത്ത എഴുത്ത് വായിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു ഇതെന്ന് മെസ്സിയുടെ കുഞ്ഞ് ആരാധകന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് മെസ്സിയെ ഒരുപാട് ഇഷ്ടമാണെന്നാണ് എഴുതിക്കൊടുത്തതെന്ന് ബാലന്‍ പറഞ്ഞു.
Post Your Comments