നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നിലപാടിനെതിരെ എതിർപ്പ് ശക്തമാകുന്നു. കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതിന് മുമ്പ് അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. കേസില്‍ കോടതി വിധി വരുന്നത് വരെ സസ്‌പെന്‍ഷനോ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയോ ചെയ്യുകയായിരുന്നു വേണ്ടതെന്നും പുറത്താക്കിയ നീക്കത്തിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന് ജനങ്ങൾ വിധിക്കുകയും ചെയ്‌തതായി ഇവർ വാദിക്കുന്നു.
കഴിഞ്ഞ ദിവസം കാവ്യാ മാധവനും നാദിര്‍ഷയും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തുടർന്ന് കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ എന്നിവരും ദിലീപിനെ പോയി കണ്ടിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ താരങ്ങളും അമ്മ ഭാരവാഹികളും ദിലീപിനെ സന്ദര്‍ശിക്കാനും പിന്തുണ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാതൃസംഘടനയായ അമ്മ പൂര്‍ണമായും കയ്യൊഴിഞ്ഞെങ്കിലും ദിലീപ് മുന്‍കയ്യെടുത്ത് രൂപീകരിച്ച തിയറ്ററുടമകളുടെ സംഘടന ദിലീപിനെ തള്ളിപ്പറഞ്ഞിരുന്നില്ല. ശ്രാദ്ധത്തിനായി വീട്ടിലെത്തുന്ന ദിലീപിനെ സന്ദര്‍ശിക്കാനും പിന്തുണ അറിയിക്കാനും താരസംഘടനയിലെ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബാലചന്ദ്രമേനോനെ നിര്‍ദ്ദേശിക്കാനും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് സിദ്ദീഖിനെ എത്തിക്കാനും നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.
Post Your Comments