പാറ്റ്ന: 1,500 രൂപ കൈക്കലാക്കാന്‍ റെയില്‍വേ പോലീസ് അജ്ഞാത മൃതദേഹം പുഴയിലെറിഞ്ഞു. നോർത്ത് ബിഹാറിലെ ധാർബംഗയിലായിരുന്നു സംഭവം. വ്യാഴാഴ്ച ധാർബംഗ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് സംസ്കാരം നടത്താതെ പോലീസ് പുഴയില്‍ എറിഞ്ഞത്.
മൃതദേഹം മറവുചെയ്യുന്നതിന് റെയിൽവെ അനുവദിച്ചിരിക്കുന്ന 1,500 രൂപ കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. റെയിൽവെ പോലീസ് ഓഫീസർ അവദേഷ് മിശ്രയും ആംബുലൻസ് ഡ്രൈവറും ചേർന്നാണ് കൃത്യം നടത്തിയത്. ധാരബംഗ- സമസ്തിപുർ റോഡിൽ ബാഗ്മതി നദിയിലാണ് മൃതദേഹം ഉപേക്ഷിച്ചത്. എന്നാൽ ഇവർ മൃതദേഹം ഉപേക്ഷിക്കുന്നത് വഴിയാത്രക്കാരൻ കാണാനിടയായതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്.
വഴിയാത്രക്കാരൻ അവദേഷിനോട് ഇതു സംബന്ധിച്ച് ചോദിക്കുകയും സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹം ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെ റെയിൽവെ പോലീസിനു നേരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നിരവധി പേർ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും കുറിപ്പ് ഇടുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ എസ്പി സംഭവം അറിയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അവദേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Post Your Comments