KeralaLatest NewsIndiaNews

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1. ഒറ്റ ദിവസം 9514 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളുമാണ് മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതികള്‍ക്കായി 27000 കോടിയിലധികം രൂപയാണ് ചിലവഴിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 31 പദ്ധതികള്‍ ബിഒട്ടി മാതൃകയില്‍ ഉള്ളതാണ്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ ജനാവലിയെ അഭിസംബോധന ചെയ്തു.

2. ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന്‌ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി. പിന്മാറാനുള്ള കാരണം വെളിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍റെ മേല്‍നോട്ടത്തിലായിരുന്നു ആദ്യം അന്വേഷണം. മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24-ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്‍റെ മകളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന്‌ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്. ഇതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു.

3. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷ യാത്ര മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ ആണെന്ന് റിപ്പോർട്ട്.

സംസ്ഥാന നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണിയാണ് അമിത് ഷാ ലക്‌ഷ്യം വെക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു നേതാവിന്റെ പേര് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നെങ്കിലും ഇതുവരെ അതിന് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരന്‍ മാറും. എന്നാല്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭാംഗമാകും. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശിയായ മലയാളിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ട്.

4. ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയില്‍ നിര്‍മ്മിച്ച നഗരത്തിന് ‘കാസില്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നൂറ് ഏക്കറിലാണ് കാസില്‍ നഗരം പരന്നുകിടക്കുന്നത്. വേമോയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകളാണ് ഇവിടെ ആദ്യം പരീക്ഷിക്കുക. റോബോട്ട് കാറുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് കമ്പനികള്‍ തിടുക്കം കൂട്ടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസില്‍ എന്ന കൃത്രിമ നഗരം. ഗതാഗതം നിയന്ത്രിക്കുന്ന ബൊമ്മകളും ട്രാഫിക് ചിഹ്നങ്ങളും മാത്രമല്ല മറ്റ് കാറുകളും കൃത്രിമ നഗരത്തിലെ പാതകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഏറ്റവും പ്രായോഗികമായ പാതകളാണ് കാസില്‍ നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

5. വാഗമണിലെ സിമി പ്രതികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന 14 പ്രതികളുടെ ഹര്‍ജിയാണ് തള്ളിയത്.

വാഗമണിലെ സിമി പ്രതികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഹര്‍ജിയിന്മേല്‍ നേരത്തെ ഹൈക്കോടതി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. എതിര്‍കക്ഷികളായ എന്‍ഐഎ, മദ്ധ്യപ്രദേശ് – ഗുജറാത്ത് സര്‍ക്കാരുകള്‍, ഭോപ്പാല്‍ ജയില്‍ അഥോറിറ്റി എന്നിവരും നിലപാട് അറിയിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പ്രതികളെ താമസിപ്പിക്കാൻ പറ്റിയ സുരക്ഷാ സംവിധാനം കേരളത്തിലെ ജയിലിൽ ഇല്ലെന്നു എൻ ഐ എ വ്യക്തമാക്കിയിരുന്നു.നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരില്‍ വാഗമണ്ണില്‍ രഹസ്യയോഗം ചേര്‍ന്നുവെന്ന തീവ്രവാദക്കേസില്‍ പ്രതികളായ ഇവര്‍ ഇന്‍ഡോര്‍ ബോംബ് സ്ഫോടനക്കേസ്, അഹമ്മദാബാദ് സ്ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. മാഡം കാവ്യ ആണെന്ന് ഞാൻ മുൻപേ തന്നെ പറഞ്ഞിരുന്നല്ലോ എന്ന മറുപടിയാണ് സുനി ഉന്നയിച്ചത്.

2. കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.

3. കെ.എം.എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

4. ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു.42 കുരുന്നുകൾ കൂടി പൊലിഞ്ഞതോടെ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അറുപതിലെത്തി.

5. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിനോട് ആറു ചോദ്യങ്ങളുമായാണ് രമേശ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്.

6. പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം. തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിലാണ് ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയത്.

7. ദോക് ലാം വിഷയത്തില്‍ വാക് പ്രകോപനം നടത്തിയ ചൈനയെ നിശബ്ദതകൊണ്ടു നേരിട്ട ഇന്ത്യയുടെ തന്ത്രം വിജയിച്ചുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബെ. ദോക് ലാം വിഷയത്തില്‍ ചൈന നടത്തിയ മാധ്യമപ്രചരണ തന്ത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അഡ്മിറല്‍.

8. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നടന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ്‌സി നീക്കിയേക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button