Latest NewsIndiaNewsPrathikarana Vedhi

ധര്‍മ്മം മറന്ന മാധ്യമ പ്രവര്‍ത്തനം അതിരുകടക്കുമ്പോള്‍: പറയാത്തത് കോടതി പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞെന്ന് പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് : കെ.വി.എസ് ഹരിദാസ് പറയുന്നത് അതീവ ഗൗരവമുള്ളത്

മാധ്യമങ്ങൾ എങ്ങിനെയാണ് കള്ളക്കഥകൾ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞദിവസം പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ നടപടികൾ. ഹൈക്കോടതി നടത്തിയതായി പറഞ്ഞുകൊണ്ട് രാജ്യത്തെ പ്രധാനമന്ത്രിയെയും മറ്റും രൂക്ഷമായി വിമർശിക്കാൻ നമ്മുടെ മാധ്യമങ്ങൾ മത്സരിക്കുകയായിരുന്നു. എന്തെല്ലാമാണ് അന്ന് ചാനലുകൾ വിളിച്ചുകൂവിയത്, എന്തെല്ലാമാണ് അവർ ചർച്ചചെയ്തത്………. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇന്നിപ്പോൾ വെളിച്ചം കണ്ടിരിക്കുന്നു. തങ്ങൾ പ്രധാനമന്ത്രി എന്ന് പറഞ്ഞിട്ടേയില്ല എന്നതാണ് ഔദ്യോഗികമായി പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഈ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറയുമോ…… ഇവർ തെറ്റ് തിരുത്തുമോ………?

കേരളത്തിലെ പല പത്രങ്ങളും ആഗസ്റ്റ് 27- ന് പ്രധാനമന്ത്രിയെ വിമർശിക്കാൻ കോടതി തയ്യാറായി എന്ന് പറഞ്ഞുകൊണ്ട് ആഘോഷിക്കുകയായിരുന്നുവല്ലോ. ആ ആഹ്ലാദം അവരുടെ തലവാചകങ്ങളിൽ പ്രകടമാണ്. ” പ്രധാനമന്ത്രി ബിജെപിയുടേതല്ല, രാജ്യത്തിന്റേത്” എന്നതായിരുന്നു പ്രമുഖ മുത്തശ്ശി പത്രത്തിന്റെ തലക്കെട്ട്. ” ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയുണ്ടായ അക്രമങ്ങൾക്ക് പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും ഹൈക്കോടതിയുടെ നിശിത വിമർശനം. …….. പ്രധാനമന്ത്രി ബിജെപിയുടേതല്ല, ഇന്ത്യയുടെ മുഴുവനാണ്. അക്രമങ്ങളുണ്ടായശേഷം മാത്രമാണ് കേന്ദ്രം ഇടപെട്ടത്. കേന്ദ്ര സർക്കാർ ചില പ്രദേശങ്ങളെ കോളനികളായി കരുതുന്നുണ്ടോ?. നമ്മൾ ഒറ്റ രാഷ്ട്രമാണോ പാർട്ടിയുടെ രാഷ്ട്രമാണോ ? ( മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അക്രമങ്ങളുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞപ്പോഴാണ് കോടതിയുടെ ഈ പരാമർശം.). ഇതാണ് മലയാളത്തിന്റെ പ്രമുഖ പത്രം നൽകിയ വാർത്തയിൽ പ്രധാനമന്ത്രിയെ പരാമർശിക്കുന്നത്. ഇതൊക്കെ അസംബന്ധമാണ് എന്നും തങ്ങൾ പ്രധാനമന്ത്രി എന്ന് ഉച്ചരിച്ചിട്ടേയില്ല എന്നാണ് ഇന്ന് ഹൈക്കോടതി ഔദ്യോഗികമായി പത്രക്കുറിപ്പിറക്കിയത്. ഇത് നിസാരമായകാര്യമല്ല. കോടതിയിൽ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്നും പ്രധാനമന്ത്രിയെപ്പോലെ സമുന്നതനായ ഒരാളെ പരസ്യമായി കോടതി അധിക്ഷേപിച്ചു എന്നും വാർത്തകൾ കൊടുക്കുക എന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണല്ലോ.

ഈ വാർത്ത രാജ്യം മുഴുവൻ അന്ന് , ഓഗസ്റ്റ് 26 ന് ചർച്ചചെയ്തു. എവിടെനിന്നാണ് അത് പുറത്തുവന്നത്? ആരാണ് അത്തരത്തിൽ ഒരു കള്ള വാർത്ത പടച്ചുവിട്ടത്?. കേന്ദ്ര സർക്കാർ അന്വേഷണം സൂചനകൾ. കോൺഗ്രസിനുവേണ്ടിയാണ് ആ വാർത്ത സൃഷ്ടിക്കപ്പെട്ടത് എന്നത് വ്യക്തം. അത് പുറംലോകത്ത് പ്രചരിക്കുന്നതിനു മുൻപായി കോൺഗ്രസുകാർ തെരുവിലിറങ്ങിയതോർക്കുക. കോൺഗ്രസിനെ പിന്താങ്ങുന്ന കേരളത്തിലെ അടക്കമുള്ള പത്രങ്ങളാണ് മോദിവിരുദ്ധ കുപ്രചാരണത്തിൽ പങ്കുചേർന്നത്. ദുഃഖകരമെന്ന് പറയട്ടെ, ഹൈക്കോടതി തെറ്റ് തിരുത്തിയിട്ട് മണിക്കൂറുകൾ ആയിട്ടും മൂന്ന് ദിവസം മുൻപ് കള്ളത്തരത്തിനു കൂട്ടുനിന്നവർ തെറ്റ് തിരുത്തിയില്ല. ചെയ്‌തത്‌ അബദ്ധമായി എന്ന് പറയാനുള്ള കാണിച്ചതുമില്ല.

ഇനി നോക്കൂ, എവിടെയാണ് ഈ കള്ള വാർത്ത മെനഞ്ഞെടുത്തത്?. അത് സോണിയ ഗാന്ധിയുടെ വിശ്വസ്തരായ എൻഡിടിവിയാണ് . അവർ അത് പുറത്തുവിട്ടു…… വലിയ ആഘോഷത്തോടെ. അതിനുപിന്നാലെ മറ്റുള്ളവർ കേട്ടപാതി കേൾക്കാത്ത പാതി എന്ന മട്ടിൽ ഏറ്റുപിടിച്ചു. അത് വലിയ കോളിളക്കമുണ്ടാക്കുന്നതായി എന്നത് സമ്മതിക്കാതെ വയ്യ. ശരിയാണ്, ചാനലുകൾക്ക് തത്സമയം വാർത്ത കൊടുക്കണം. അത് ശരിയാണോ എന്ന് പരിശോധിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ മനസിലാവും. പക്ഷെ ദിനപത്രങ്ങളോ….. അവരുടെ മുന്നിൽ എത്രയോ മണിക്കൂറുകൾ ഉണ്ടായിരുന്നു, സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാനായി. അതിനൊന്നും അവർ മിനക്കെട്ടില്ല; വാർത്ത രാജ്യത്തെ പ്രധാനമന്ത്രിക്ക് എതിരെയാണ് എന്നറിഞ്ഞിട്ടും. അത് ചെറിയ വീഴ്ചയല്ല ……… മാധ്യമങ്ങൾ ചെയ്തുകൂട്ടിയത്.

എൻഡിടിവി ആണ് ആ വാർത്ത കൊണ്ടുവന്നത് എന്ന് ഇന്നിപ്പോൾ പറയുന്നു. അത് അവരുടെ ഓഫീസിൽ സൃഷ്ടിക്കപ്പെട്ട വാർത്തയായിരുന്നു. ആർക്കുവേണ്ടി….. കോൺഗ്രസിനുവേണ്ടി സിപിഎമ്മിന് വേണ്ടി, പ്രതിപക്ഷത്തിന് സ്കോർ ചെയ്യാനായി. അക്രമങ്ങളുടെ മറവിൽ രാഷ്ട്രീയനേട്ടം കൊയ്തെടുക്കാൻ. അതിനു പിന്നീട് ഒട്ടനവധി മാധ്യമങ്ങൾ കൂട്ടുനിന്നു, മലയാളത്തിലെ പ്രമുഖരടക്കം. പത്താൻകോട്ട് ഭീകരാക്രമണം ഇന്ത്യക്കാർക്ക് മറക്കാനാവില്ലല്ലോ. അന്ന് എൻഡിടിവി ചെയ്തത് എന്തൊക്കെയാണ് എന്നത് രാജ്യം ചർച്ചചെയ്തതാണ്. ദേശവിരുദ്ധമെന്ന് പറയാവുന്ന നീക്കമാണ് അന്നവർ നടത്തിയത് . അത്തരത്തിൽ ഒരു പാരമ്പര്യം ആ ചാനലിനുണ്ട് എന്നത് മാധ്യമലോകം മനസിലാക്കേണ്ടതല്ലേ?. രാജ്യത്തിനെതിരെ, പ്രധാമന്ത്രിക്കെതിരെ എന്തും പറയാൻ അവർ തയ്യാറാവുന്നു, വീണ്ടും വീണ്ടും…………..

shortlink

Related Articles

Post Your Comments

Related Articles


Back to top button