ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമത്തിൽ വന്ന യുവതിയുടെ വീഡിയോ സന്ദേശത്തിനുമേൽ പോലീസ് അന്വേഷണം ആരംഭിച്ചു.മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിയിൽ ദിൽന ബേബിയാണ് ചൊവ്വാഴ്ച രാവിലെ വീഡിയോ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത്.വൈക്കത്തെ ഒരു സ്വകാര്യ റിസോർട്ടിലെ അടച്ചിട്ട മുറിയിൽ നിന്നായിരുന്നു സന്ദേശം. വൈക്കം പോലീസ് സംഭവസ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്തുമത വിശ്വാസിയായ ദിൽനയും ഹിന്ദുമതത്തിൽപെട്ട അഭിജിത്തും പ്രണയവിവാഹിതരാണ്.വൈക്കത്തെ റിസോർട്ടിൽ താമസമാക്കിയതിനു ശേഷം അഭിജിത്തിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും സ്ത്രീധനത്തിന്റെ പേരിലുള്ള ശല്യപ്പെടുത്തൽ ഉണ്ടായതായും അതിനുശേഷം അഭിജിത് വിവാഹബന്ധം വേർപെടുത്തണമെന്നു ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചതായും യുവതി പറഞ്ഞു.വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അത് കാര്യമാക്കേണ്ടെന്നും വീട്ടുകാരെ സമാധാനിപ്പിക്കാൻ ചെയ്തതാണെന്നുമുള്ള മറുപടിയാണ് ഭർത്താവിൽ നിന്നും ലഭിച്ചത്.
തുടർന്നും വാക്കുതർക്കങ്ങൾ ഉണ്ടായതിത്തുടർന്നു വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വിഷമിച്ച യുവതിയെ,പ്രശ്നങ്ങൾ പുറത്തുപറഞ്ഞാൽ യുവതിയറിയാതെ പകർത്തിയ തങ്ങളുടെ സ്വകാര്യ ജീവിതം യുട്യൂബിൽ ഇടുമെന്നു ഭീഷണിപ്പെടുത്തുകയും മർദിക്കുകയും തുടർന്ന് മുറിയിൽ പൂട്ടിയിടുകയുമായിരുന്നെന്ന് യുവതി പറഞ്ഞു.വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.എത്രയും വേഗം യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വൈക്കം സി ഐ ബിനു പറഞ്ഞു.
Post Your Comments