കോഴിക്കോട്: മലയാളി ട്രാന്‍സ്ജെന്‍ഡേഴ്സിന് വധഭീഷണി. പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. സ്ത്രീയില്‍നിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനില്‍നിന്ന് സ്ത്രീയായി മാറിയ സുകന്യ കൃഷ്ണക്കുമാണ് ഫേസ്ബുക്കിലൂടെ വധഭീഷണി വന്നത്.
പ്രമുഖ മാധ്യമമാണ് പ്രവാസിയായ ആരവും സോഫ്റ്റ്വെയര് എന്‍ജിനീയറായ സുകന്യയും വിവാഹിതരാകാന്‍ തീരുമാനിച്ച വിവരം പുറത്തുവിട്ടത്. സുകന്യ ഇവരുടെ പ്രണയവും വിവാഹവും വിവരിച്ച് ഒാണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ചെയ്ത് ഫേസ്ബുക്കിലിട്ടതിന് കമന്റായാണ് ആദ്യം വധഭീഷണി വന്നത്. ‘ഇവര്‍ കൊല്ലപ്പെടേണ്ടവരാണ്’ എന്നതായിരുന്നു കമന്റ്. സന്ദേശം വന്ന മായങ്ക് എന്ന പ്രൊഫൈല്‍ ഐഡി വ്യാജമാണെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറോളം വധഭീഷണികള്‍ വേറെയും വന്നിട്ടുണ്ട്. ഇരുവരും ബംഗളൂരുവിലെ സൈബര്‍ പൊലീസില്‍ ഭീഷണിയെ തുടര്‍ന്ന് പരാതി നല്‍കിയിരിക്കയാണ്. മുംബൈയില്‍വെച്ച് അടുത്തിടെ കണ്ടുമുട്ടിയ ആരവിന്റെയും സുകന്യയുടെയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഇവര്‍ വിവാഹിതരാകാനും തീരുമാനിച്ചു.
ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് കോട്ടയം മുണ്ടക്കയത്തെ ഏന്തയാറില്‍ ജനിച്ച ബിന്ദു (ആരവ്) തന്റെ സ്വത്വം തിരിച്ചറിയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ചന്തു (സുകന്യ) ഇന്റര്സെക്സായിട്ടാണ് (പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവത്തോടെ ജനിക്കുന്ന അവസ്ഥ) ജനിച്ചത്. ഗസറ്റില്‍ പേര് മാറ്റിക്കിട്ടിയെങ്കിലും മറ്റു രേഖകള്‍ ലഭിച്ച ശേഷം സെപ്റ്റംബറില്‍ നിയമപ്രകാരം വിവാഹിതരാവുമെന്നും ആരെതിര്‍ത്താലും പിന്മാറില്ലെന്നും വധഭീഷണിയെ നിയമപരമായി നേരിടുമെന്നും ആരവും സുകന്യയും പറഞ്ഞു.
Post Your Comments