Latest NewsNewsIndia

ആൾ ദൈവത്തിന്റെ ശിക്ഷ വിധി ഇന്ന്; റോഹ്തക് കനത്ത സുരക്ഷയില്‍

ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കും. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റോഹ്തക്കും പരിസരവും സുരക്ഷാസൈനികരുടെ നിയന്ത്രണത്തിലായി.

ജഗ്ദീപ് സിങ് ഇന്നലെ വൈകിട്ട് പഞ്ച്കുളയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം റോത്തക്കിലെത്തി. ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ഇന്ന് മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നു.

പോലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷം മാത്രമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽ നിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു.

റോത്തക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള ഏതാനും പേരെ കരുതൽ തടങ്കലിലാക്കി. ഡൽഹി – റോത്തക് – ഭട്ടിൻഡ മേഖലയിൽ ട്രെയിൻ സർവീസ് ഭാഗികമായി നിർത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button