
ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി അടുത്ത മാസം കേരളം സന്ദര്‍ശിക്കുന്നു. കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അടുത്തമാസം കേരളത്തിലെത്തുന്നത്. സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ബിരുദം നേരിട്ട് ഏറ്റുവാങ്ങുമെന്നാണ് വിവരം.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുല്‍ത്താനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചെങ്കിലും തിയതി നിശ്ചയിച്ചിരുന്നില്ല. അടുത്തിടെ തിയ്യതി ഉറപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
മികച്ച ഭരണാധികാരി എന്നതിലുപരി അക്ഷര സ്നേഹിയായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയോടും ഇന്ത്യക്കാരോടും ഏറെ മമത പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ വൈറ്റ് ഷെയ്ഖ് എന്ന നോവലില്‍ ഒട്ടേറെ സ്ഥലത്ത് ഇന്ത്യ കടന്നുവരുന്നു. കവയിത്രി ഒ.വി.ഉഷ ഈ നോവല്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക് വെള്ളക്കാരന് ഷെയ്ഖ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.
സാംസ്കാരിക ലോകത്തിന് ഏറെ സാഹിത്യ സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ എമിറേറ്റ് അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ലോകപ്രശസ്ത പുസ്തകമേളകളിലും സന്ദര്‍ശകനാകുന്നു. ഏറെ രാജ്യങ്ങള്‍ അദ്ദേഹത്തിന് ഇതിന് മുന്‍പ് ഡിലിറ്റ് പദവി നല്കി ആദരിച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനം മുന്‍പ് നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സുല്‍ത്താന്‍ കേരളം സന്ദര്‍ശിക്കുന്നത്.
Post Your Comments