തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഈ മാസം 15ന് തൃശ്ശൂര്‍ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം. നേരത്തെ കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടിയിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിലൂടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തെരഞ്ഞെടുപ്പ് വിഷയമായി പ്രചരിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നു.
കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ അനുകൂല തരംഗം ഉണ്ടാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് മോദിയെ ഇരിങ്ങാലക്കുടയിലെത്തിക്കാന്‍ ശ്രമം നടത്തിയത്. ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, കുന്നംകുളത്ത് പൊതുയോഗം നടത്തുന്നതിനാണ് പിഎംഒ അനുമതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു.
Post Your Comments