ഭോപ്പാല്‍: 400 ഓളം കുട്ടികളെ ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബും തോളിലേന്തി ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. സ്കൂളില്‍ നിലയുറപ്പിച്ച വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് ആദ്യം കാണുന്നത്. ഇത് ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുന്നത്.
സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ്കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും. ബോംബ് കണ്ടെത്തിയ ഉടനെ മുന്നും പിന്നും നോക്കാതെ അത് തോളിലേന്തി അഭിഷേക് പട്ടേല്‍ ഓടുകയായിരുന്നു. കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളിലെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു.
ബോംബ് ഭീഷണി വന്നപ്പോൾ തന്നെ സ്കൂളധികൃതരെ വിവരം അറിയിച്ച് അവധി പ്രഖ്യാപിച്ച് കുട്ടികളെ ഒഴിപ്പിക്കാന്‍ വേണ്ട നിര്‍ദേശവും പോലീസ് നല്‍കിയിരുന്നു.അത് പൊട്ടിയിരുന്നെങ്കില്‍ 500 മീറ്റര്‍ ചുറ്റളവില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍. ജനസംഖ്യ കൂടുതലുള്ള പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ബോംബ് പൊട്ടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും.
ഇതാണ് അഭിഷേകിനെ ജീവന്‍ മറന്നുള്ള പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്.അഭിഷേക് പട്ടേല്‍ ഇതാദ്യമായല്ല ബോംബ് കണ്ടെത്തുന്നത്. ഈ പോലീസുകാരന്‍ ഇന്ന് രാജ്യത്തിന്റെ അഭിമാനം തന്നെയായിരിക്കുകയാണ്.
Post Your Comments