തിരുവനന്തപുരം: തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്സ് വരുന്നു. അഭ്യസ്തവിദ്യര്‍പോലും മലയാളം തെറ്റിക്കുന്നത് നികത്താനാണ് ഈ കോഴ്സിന് സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപംനല്‍കിയത്. മലയാളം പഠിക്കാന്‍ താത്പര്യമുള്ള ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ ചേരാം. രണ്ട് പാഠ്യഭാഗങ്ങളുണ്ടാകും. ആദ്യത്തേതില്‍ അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവ പഠിപ്പിക്കും. അടുത്തതില്‍ ഭാഷാസാഹിത്യം, കല, കേരളസംസ്കാരം, മാധ്യമ സാക്ഷരത എന്നിവയായിരിക്കും വിഷയങ്ങള്‍.
അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്. മൂന്ന് മണിക്കൂര്‍ വീതമുള്ള 20 ക്ലാസെങ്കിലും പഠിതാവിന് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുതിര്‍ന്നവരുടെ ബോധന ശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പാഠപുസ്തകവും ഉണ്ടാകും. ബിരുദാനന്തരബിരുദധാരികള്‍ മുതല്‍ വിരമിച്ച അധ്യാപകര്‍ വരെയുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ഇവര്‍ക്ക് പ്രതിഫലം നല്‍കും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലെ ഹൈസ്കൂളുകളാണ് പഠനകേന്ദ്രം. സെപ്റ്റംബര്‍ ഒന്നുമുതല്‍ 30 വരെ രജിസ്റ്റര്‍ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. ഓരോ കേന്ദ്രത്തിലും പ്രവേശനം 75 പേര്‍ക്ക്.
നാലുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സായാണ് പച്ചമലയാളം നടപ്പാക്കുന്നത്. മറ്റ് ഭാഷ മാത്രമറിയുന്നവര്‍, ഭരണഭാഷ മാതൃഭാഷയായതിനെതുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്നിവയും ഉദ്ദേശിക്കുന്നു.
Post Your Comments