ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിയ്ക്കുന്ന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ്. ആധാര്‍ നിര്‍ബന്ധമാക്കണോ എന്ന് അഞ്ചംഗ ബെഞ്ച് പിന്നീട് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് ഇന്ന് വിധി പ്രസ്താവിച്ചത്.
2.അതിര്‍ത്തിയില്‍ തുടര്‍ന്ന് വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു. വര്‍ദ്ധിച്ചു വരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ സാധാരാണക്കാരായ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും ഇന്ത്യയുടെ വിമര്‍ശനം.
പ്രതീക്ഷയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനും തീരുമാനമായി. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ജൂലായില്‍ മാത്രം അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത് സൈനികരും സാധാരണക്കാരുമടക്കം 11 പേരാണ്.
3.ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് സര്‍ക്കാരിന് സെന്‍കുമാറിന്റെ കത്ത്. ഭരണ പരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്.
സര്‍വീസില്‍ നിന്നു വിരമിച്ചുകഴിഞ്ഞാല്‍, പുതിയ സര്‍ക്കാര്‍പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥയെ തുടര്‍ന്നാണ് ഇങ്ങനെയൊരു കത്ത്. പുതിയ ഉത്തരവാദിത്തം ഒന്നും തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നു വിരമിച്ച സമയത്ത് സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്. അതിനിടെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ വരുന്നത്. ഇതിനോട് വിയോജിപ്പറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് കത്ത് അയക്കുകയായിരുന്നു. സെന്‍കുമാറിനെ നിയമിച്ചുള്ള ഉത്തരവ് ഉണ്ടായാല്‍ ഇത്തരത്തില്‍ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് അദ്ദേഹം ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.
4.പ്രത്യേക മതം ആവശ്യപ്പെട്ട് ബലഗാവിയില്‍ കൂറ്റന്‍ ലിംഗായത്ത് റാലി
കര്‍ണാടക ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന സമൂഹമാണ് ലിംഗായത്തുകള്‍. തങ്ങള്‍ ഹിന്ദുക്കള്‍ അല്ലെന്നും പ്രത്യേക മതമായി അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ലിംഗായത്തുകള്‍ റാലി നടത്തിയത്. വീരശൈവ-ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന അഖില ഭാരത വീരശൈവ മഹാസഭയുടെ ആവശ്യത്തോട് വിയോജിച്ചുകൊണ്ട് ലിംഗായത്തുകള്‍ പ്രത്യേകമായാണ് റാലി സംഘടിപ്പിച്ചത്. വടക്കന്‍ കര്‍ണാടകം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുലക്ഷത്തോളം സമുദായാംഗങ്ങള്‍ റാലിക്കെത്തിയിരുന്നു. പ്രത്യേക മതമായി അംഗീകരിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നിയമനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്.
2.വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കോവളം എംഎല്‍എ എ. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
3.കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
4.ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നു സർവ്വേ റിപ്പോർട്ട്. എന്നാല്‍ സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമി ഡി സിനിമാസ് കൈവശം വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
5.ഹാദിയയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു. വീഡിയോ ചിത്രീകരിച്ചത് അനുമതിയോടെയെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും രാഹുല്‍ ഈശ്വര്‍.
6.കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ സിബിഐ അന്വേഷണം. രാജസ്ഥാനിലെ ബിക്കാനിര്‍ ഭൂമി ഇടപാട് വിവാദമായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
7.ബ്രെക്സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടന്‍ തനതായ നിയമവ്യവസ്ഥയിലേക്ക് ചുവടുമാറുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയില്‍നിന്ന് ബ്രിട്ടന്‍ പുറത്തുവരുമെന്നും തെരേസ മേ
8.കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് 1094 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഗസ്ത് വരെ 22186 കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
9.ബലാത്സംഗക്കേസില്‍ നിയമനടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുരു ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വിധി നാളെ പ്രഖ്യാപിക്കും. ഇതേ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments