കൊച്ചി•ചേര്‍ത്തലയിലെ പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ വാദങ്ങളെ തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. മോഹന്‍ദാസിന്റെ വാദം ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് രാഹുല്‍ പറഞ്ഞു.
മോഹദാസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ല. അന്ധമായ പ്രചാരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഹൈന്ദവ പ്രസ്ഥാനങ്ങളിലെ 99 ശതമാനം ആളുകളും ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കില്ല. ഇത്തരം പരാമര്‍ശങ്ങള്‍ മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും തമ്മില്‍ തല്ലിച്ച് ഹൈന്ദവ ഐക്യം ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കലും പ്രതിഷേധാര്‍ഹവുമാണ്. അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയാണെന്ന് ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഹിന്ദുക്കള്‍ അത് തിരിച്ചുപിടിക്കണമെന്നുമുള്ള വാദവുമായി മോഹന്‍ദാസ് രംഗത്തെത്തിയത്. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി. എന്നാലും ഹിന്ദുക്കൾ ആ ദിശനോക്കിയാണ് പ്രാർത്ഥിക്കുന്നതെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
എന്നാല്‍ അള്‍ത്താര പണികള്‍ക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടേയിരുന്നു. പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സ്യനെ കണ്ടുവെന്നും അവരുടെ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റി സ്ഥാപിക്കുകയായിരുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു.
പഴയ ശ്രീകോവിലിനു നേർക്ക് നോക്കി ഹിന്ദുക്കൾ പ്രാർത്ഥിച്ചു മാല ഊരാൻ തുടങ്ങി. വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ എഎസ്ഐ ഉല്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും. വെളുത്തച്ചൻ എന്നൊക്കെ നമ്പറടിക്കുന്നവർ അർത്തുങ്കൽ പള്ളിയുടെ ഉൾവശം ഒന്ന് കാണിക്കാൻ പോലും കഴിവില്ലാത്തവരാണ്. അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും മോഹന്‍ദാസ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
Post Your Comments