ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷനും ഓണ്‍ലൈനാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രിമിനലുകളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന നാഷണല്‍ ഡാറ്റാബേസ് നവീകരിച്ചുകൊണ്ടാണ് കേന്ദ്രം പുതിയ സംവിധാനം നടപ്പാക്കുന്നത്.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം പ്രോജക്ട് (സി.സി.ടി.എന്‍.എസ്) എന്ന സംവിധാനം വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് വിഭാഗവുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ 15,398 പോലീസ് സ്റ്റേഷനുകളെ കൂട്ടിയിണക്കിയാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചത്. പൗരന്മാര്‍ക്കു കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ വെരിഫിക്കേഷന് അപേക്ഷ നല്‍കാനും ഇതിലൂടെ കഴിയും. ഓരോ സംസ്ഥാനത്തും പ്രത്യേകം രൂപീകരിച്ച പോലീസ് സിറ്റിസന്‍ പോര്‍ട്ടലുമായും ഇതു ബന്ധപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാധ്യമാക്കുന്നതാണ് ഇതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഓരോ അന്വേഷണ ഏജന്‍സികള്‍ക്കും കുറ്റവാളികളെക്കുറിച്ചും, അതു പെറ്റിക്കേസ് ആണെങ്കില്‍ പോലും പോര്‍ട്ടലിലൂടെ എളുപ്പം അറിയാന്‍ കഴിയും. ഇ-കോര്‍ട്ട്, ഇ-പ്രിസണ്‍ സോഫ്‌റ്റ് വെയറുകളും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Post Your Comments