കോഴിക്കോട്: ജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം സർ എന്ന് വിളിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നവരെ കേസുകളിൽ അകപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് പൊലീസിനെതിരെ കോഴിക്കോട് സ്വദേശി അനൂപ് നൽകിയ പരാതി പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൺവേ തെറ്റിച്ച് വാഹനമോടിച്ചതിന് മോശമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയെന്നായിരുന്നു അനൂപിന്റെ പരാതി. പോലീസുകാരുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തും. കോഴിക്കോട് ചക്കിട്ടപ്പാറയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടേതിന് സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത് സർക്കാർ ഗൗരവമായി കാണണമെന്നും. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് രോഗമുള്ളവരെ കണ്ടെത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിക്കുകയുണ്ടായി.
Post Your Comments