തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ തിങ്കളാഴ്ചത്തെ കോടതിവിധികള്‍ നിര്‍ണായകം. ഫീസ് നിര്‍ണയവും അലോട്ട്‌മെന്റും അടക്കം പ്രവേശന നടപടികള്‍ ആകെ കുഴഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ചത്തെ കോടതിവിധികളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഹൈക്കോടതിയിലെ കേസില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളും കക്ഷിചേരുന്നുണ്ട്. ഓപ്ഷന്‍ സ്വീകരിച്ചശേഷം ഫീസ് നിര്‍ണയിച്ചതിലെ അസ്വാഭാവികത വിദ്യാര്‍ഥികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. സര്‍ക്കാരുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരേ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
കെ.എം.സി.ടി, ശ്രീനാരായണ മെഡിക്കല്‍ കോളേജുകള്‍ക്ക് പതിനൊന്നു ലക്ഷം ഫീസ് അനുവദിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വന്നേക്കും. ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്. കഴിഞ്ഞവര്‍ഷത്തേതുപോലെ നാലുവിധം ഫീസിന് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ. എന്നിവയുടെ കരാറിലെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചുലക്ഷം രൂപ എന്ന ഏകീകൃത ഫീസ് ചോദ്യംചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി അന്തിമവിധി പറയുക. സുപ്രീംകോടതി ഇത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ മറ്റു കോളേജുകള്‍ക്ക് കോടതി അനുവദിക്കുന്ന ഫീസ് ഘടനയിലേക്ക് മാറാനാണ് ഇരു കോളേജുകളുടെയും തീരുമാനം.
കെ.എം.സി.ടി, ശ്രീനാരായണ കോളേജുകള്‍ക്ക് മാത്രമായി 11 ലക്ഷം രൂപ ഫീസ് അനുവദിച്ചതില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനില്‍ നീരസം ഉയര്‍ന്നിട്ടുണ്ട്. അസോസിയേഷനിലെ മുഴുവന്‍ കോളേജുകള്‍ക്കുമായാണ് രണ്ടു കോളേജുകള്‍ കോടതിയെ സമീപിച്ചതെന്നും മറ്റു കോളജുകളുടെ കാര്യം അവര്‍ കോടതിയില്‍ ഉന്നയിച്ചില്ലെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്. പതിനൊന്നുലക്ഷം എന്ന തുക എങ്ങനെ നിശ്ചയിക്കപ്പെട്ടെന്നതിലും അവ്യക്തതയുണ്ട്.
Post Your Comments