തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍ 2019, പാസാക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. 2017 ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ആക്ടാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ഭേദഗതി വരുത്തിയത്.
നിലവിലെ പ്രവേശനവും ഫീ നിയന്ത്രണവും കമ്മിറ്റി ഭേദഗതി വരുത്തി 6 അംഗ പ്രവേശന മേല്‍നോട്ട സമിതി, 5 അംഗ ഫീസ് നിയന്ത്രണ സമിതി എന്നിങ്ങനെ രണ്ട് കമ്മിറ്റികളാക്കി തിരിച്ചു. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി ചെയര്‍പേഴ്‌സണായ 10 അംഗ കമ്മിറ്റിയായിരുന്നു മുമ്പുണ്ടായിരുന്നത്. പ്രവേശനം നിയന്ത്രിക്കലും ഫീ നിയന്ത്രിക്കുന്നതും തികച്ചും വ്യത്യസ്തങ്ങളായ രണ്ടു സംഗതികള്‍ ആയതിനാല്‍ ഇവ ഓരോന്നിനും പ്രത്യേക കമ്മിറ്റികള്‍ ആകുന്നതാണ് ഉചിതം എന്ന് കോടതി നിരീക്ഷിച്ചതിനാലാണ് നിലവിലുള്ള പത്തംഗ കമ്മറ്റിയുടെ ഘടന പുന:പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ചെയര്‍പേഴ്‌സണായ പ്രവേശന മേല്‍നോട്ട സമിതിയില്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് സെക്രട്ടറി (എക്‌സ് ഓഫിഷ്യോ) മെമ്പര്‍ സെക്രട്ടറി, നിയമ സെക്രട്ടറി (എക്‌സ് ഓഫിഷ്യോ) സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഒരു പ്രതിനിധി, പ്രവേശന പരീക്ഷാ കമ്മീഷണര്‍ (എക്‌സ് ഓഫിഷ്യോ) സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന പട്ടിക ജാതിയിലോ പട്ടിക ഗോത്ര വര്‍ഗത്തിലോപെട്ട ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍ എന്നിവരാണ് ഉണ്ടാകുക. ഫീസ് നിയന്ത്രണ സമിതിയില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ചെയര്‍പേഴ്‌സണും ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് സെക്രട്ടറി (എക്‌സ് ഓഫിഷ്യോ) മെമ്പര്‍ സെക്രട്ടറിയും ആയിരിക്കും. സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ചെയര്‍പേഴ്‌സണുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വ്യക്തി എന്നിവര്‍ അംഗങ്ങളാണ്. ബില്ല് നിയമസഭ പാസാക്കിയതോടു കൂടി ഫീസ് റഗുലേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments