ന്യൂഡല്‍ഹി: രാജ്യത്ത് സ്ഥാപിക്കുന്ന 20 ലോക നിലവാരമുള്ള സര്‍വകലാശാലകളില്‍ അടുത്ത ജൂണില്‍ ക്ലാസ് തുടങ്ങും. ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനങ്ങള്‍ക്കായി ആയിരംകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായാണ് ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ വരിക. ഏപ്രിലില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ജൂണില്‍ ക്ലാസ് തുടങ്ങും. പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200 ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ഐ.ഐ.എമ്മുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയതുപോലെ, സര്‍വകലാശാലകള്‍ക്കും നല്‍കും. ഫണ്ട് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിക്കും. പണത്തിനായി സര്‍ക്കാരിനെയോ യു.ജി.സി.യെയോ എ.ഐ.സി.ടി.ഇ. പോലെയുള്ള സ്ഥാപനങ്ങളെയോ സര്‍വകലാശാലകള്‍ക്ക് സമീപിക്കേണ്ടിവരില്ല. ബിരുദം നല്‍കുന്ന സ്ഥാപനം മാത്രമാകും യു.ജി.സി.
പരിശീലനം ലഭിക്കാത്ത 11 ലക്ഷം അധ്യാപകര്‍ സര്‍വീസിലുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മാര്‍ഗങ്ങളിലൂടെ 1080 മണിക്കൂര്‍ പരിശീലനം നല്‍കും. ദൂരദര്‍ശന്റെ ഫ്രീ ഡിഷ് സംവിധാനം, ടീച്ചേഴ്‌സ് ആപ്പ് എന്നിവയും ഉപയോഗപ്പെടുത്തും.
തമിഴ്‌നാട്ടില്‍ നടപ്പാക്കുന്ന ത്രൈമാസ (ട്രൈസെമസ്റ്റര്‍ സിസ്റ്റം) സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. പുസ്തകഭാരം കുറയ്ക്കുന്നതിനും പഠനം ലഘൂകരിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കും.
ഉന്നതവിദ്യാഭ്യാസരംഗത്ത് പണം കണ്ടെത്താനായി രണ്ടായിരം കോടിയുടെ വിദ്യാഭ്യാസ ബോണ്ട് ഉടന്‍ പുറത്തിറക്കും. പലിശയില്ലാതെ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കും. മികവുകാട്ടുന്ന ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് നല്‍കാനും ഇതില്‍നിന്ന് പണം കണ്ടെത്തും.
പ്രവേശനപ്പരീക്ഷകള്‍ ഒരു കുടക്കീഴിലാക്കുന്നതിനുള്ള ദേശീയ പരീക്ഷാ ഏജന്‍സി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി തേടുന്നതിനുള്ള നിര്‍ദേശം വിവിധ മന്ത്രാലയങ്ങള്‍ പരിശോധിച്ചുവരികയാണ്. ഒരുമാസത്തിനുള്ളില്‍ ഇത് മന്ത്രിസഭായോഗം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments