ന്യൂഡൽഹി: കൊലയാളി ഗെയിം രാജ്യ തലസ്ഥാനത്തും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആത്മഹത്യയ്ക്കു കാരണം ബ്ലുവെയ്‌ല്‍ ഗെയിമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അശോക് വിഹാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാലുനില കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടിയത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ ബിഹാര്‍ സ്വദേശികളുടെ ഒരേ ഒരു മകനാണ്. വിദ്യാര്‍ഥിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു.
കഴിഞ്ഞ നാലു മാസങ്ങളായി പഠിക്കാന്‍ മിടുക്കനായ മകന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. പഠിക്കാന്‍ താല്‍പര്യം കാണിക്കാതെ മുഴുവന്‍ സമയവും കംപ്യൂട്ടര്‍ ഗെയിമിലായിരുന്നു മകന്‍റെ ശ്രദ്ധ. രാത്രി ഏറെ വൈകിയും മുറിയില്‍ ലൈറ്റ് കാണാമെന്നും തീരെ ഉറക്കം കിട്ടുന്നില്ലെന്നു പറഞ്ഞിരുന്നതായും അമ്മ മൊഴിനല്‍കി.
ഇതോടെയാണ് ബ്ലൂവെയ്‌ലിന്‍റെ സാന്നിധ്യം പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അടിവയറ്റില്‍ കോംപസ് കൊണ്ടു മുറിവേറ്റ പാടുകളും പൊലീസിന്‍റെ സംശയത്തെ ബലപ്പെടുത്തുന്നു. ബ്ലൂവെയ്‌ല്‍ ഗെയിമിനു കൂടുതല്‍ കുട്ടികള്‍ അടിമപ്പെട്ടിട്ടുണ്ടെന്നാണു പൊലീസിന്‍റെ വിലയിരുത്തല്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി കമ്മിഷണര്‍ മിലിന്ദ് മെഹദിയോ വ്യക്തമാക്കി.
Post Your Comments