തിരുവനന്തപുരം: ഇറച്ചിക്കോഴിയുടെ വില മേലോട്ട് തന്നെ. കിലോയ്ക്ക് 87 രൂപയായിരിക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഉത്തരവ് മറികടന്നാണ് നാല് ദിവസം കൊണ്ട് ഇറച്ചിക്കോഴിയ്ക്ക് 127 രൂപയായത്. ഒരാഴ്ച മുമ്പ് 84 വരെയായിരുന്നത് പിന്നീട് 87ലെത്തി. നാലുദിവസം കൊണ്ടാണ് കിലോഗ്രാമിന് 15 രൂപ വര്‍ധിച്ചത്.
ജി.എസ്.ടി. നടപ്പാക്കിയത് മുതല്‍ ഇറച്ചിക്കോഴിക്ക് പരമാവധി വില 87 ആയിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇറച്ചിക്കോഴിയുടെ വില തീരുമാനിക്കുന്നത് ദിണ്ടിക്കല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രോയിലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. ഈ സംഘടനയുടെ തീരുമാനപ്രകാരമാണ് വില കൂട്ടുന്നതും കുറയ്ക്കുന്നതുമെന്ന് കേരള കോഴിവ്യാപാരി സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ വിറ്റഴിക്കുന്ന ഇറച്ചിക്കോഴിയുടെ ബഹുഭൂരിപക്ഷവും തമിഴ്‌നാട്ടില്‍നിന്ന് എത്തുന്നതാണ്. ജി.എസ്.ടി. നടപ്പാക്കിയതോടെ കേരളത്തിലേക്കുള്ള ഇറച്ചിക്കോഴിയുടെ 14.5 ശതമാനം നികുതി ഇല്ലാതായി. ഇറച്ചിക്കോഴിക്ക് നൂറു രൂപ താങ്ങുവിലയാക്കിയതും എടുത്തുകളഞ്ഞു.
അതോടെ തമിഴ്‌നാട്ടില്‍നിന്ന് കോഴിയെത്തുന്നത് കൂടി. കേരളത്തില്‍ ഉത്പാദനച്ചെലവ് കൂടുതലായതിനാല്‍ കേരളവിപണിയെ തമിഴ്‌നാട് ലോബിയാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കേരളത്തിലെ കോഴിവളര്‍ത്തു കേന്ദ്രങ്ങളിലേക്ക് 99 ശതമാനം കുഞ്ഞുങ്ങള്‍ എത്തുന്നതും തമിഴ്‌നാട്ടില്‍നിന്നുതന്നെ.
ധനമന്ത്രി ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വൃത്തിയാക്കിയ കോഴിയിറച്ചി വില്‍ക്കുന്നതെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. കോഴിയിറച്ചിയുടെ വെള്ളിയാഴ്ചത്തെ വില കിലോഗ്രാമിന് 127.5 രൂപയാണ്. ധനമന്ത്രി പ്രഖ്യാപിച്ചതിലും താഴെയാണിതെന്ന് വ്യാപാരികള്‍ പറയുന്നു.
Post Your Comments