ഓണത്തിന് പിന്നിലെ ഐതീഹ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുന്നത് മഹാബലിയുമായി ബന്ധപ്പെട്ട കഥയായിരിക്കും. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ ഇല്ല.
മഹാബലി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം തൃക്കാക്കരയായിരുന്നു എന്നും ഐതിഹ്യമുണ്ട്. മാവേലിക്കരയ്ക്ക് മഹാബലിയുമായി ബന്ധമുണ്ടെന്നും ഓടനാടായ കായംകുളം പ്രദേശത്തിന് ആ പേര് ലഭിക്കാനുള്ള കാരണം ഓണവുമായുള്ള ബന്ധമാണ് എന്നും പറയപ്പെടുന്നു. ഓണ നാടാണ് ഓടനാടായത് എന്നും പറയപ്പെടുന്നു.
മഹാബലിയുടെ സദ്‌ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതനുസരിച്ച് ദേവദേവന്‍ വാമനനായി രൂപമെടുത്ത് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നും, ആണ്ടിലൊരിക്കല്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയെന്നുമാണ് ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി എഴുന്നള്ളുന്ന നാളുകളാണ് ഓണം എന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍ ഇതിന് പുറമേ മറ്റു ചില ഐതീഹ്യങ്ങളും ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്.
കേരളത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധമത സ്വാധീനമാണ് ഓണാഘോഷം എന്ന് വിശ്വസിക്കുന്ന പണ്ഡിതന്‍മാരുണ്ട്. ഇവരുടെ വാദങ്ങള്‍ക്ക് ഓണക്കോടിയും, ശ്രാവണമാസവുമായിട്ടാണ് ബന്ധം. ശ്രാവണം എന്ന പേരും അവര്‍ ഇതുമായി ബന്ധപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥ രാജകുമാരന് ബോധോദയം ഉണ്ടായ ശേഷം മഞ്ഞവസ്ത്രം ധരിക്കാന്‍ തുടങ്ങിയത് ശ്രാവണത്തിലെ തിരുവോണ നാളില്‍ ആയിരുന്നത്രേ. ബുദ്ധമതം സ്വീകരിച്ച് ശ്രാവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ശ്രീബുദ്ധന്‍ നല്‍കിയ മഞ്ഞവസ്ത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഓണക്കോടി എന്നും ഇവര്‍ പറയുന്നു.
ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ഒരു കഥയും ഓണത്തിന് പിന്നില്‍ ഉണ്ട്. ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ മക്കയ്ക്ക് പുറപ്പെട്ടുവെന്നും, അതിനായി അദ്ദേഹം യാത്ര തിരിച്ചത് ചിങ്ങമാസത്തിലെ തിരുവോണ ദിവസം ആയിരുന്നുവെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ ദിവസം പുതുവത്സരപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങി എന്നുമാണ് ഈ വാദത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. ഇതാണ് പിന്നീട് ഓണാഘോഷം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
ഓണവും പരശുരാമാനുമായി ബന്ധമുണ്ട് എന്ന് പറയുന്നവരുമുണ്ട്. കേരളം സൃഷ്ടിച്ചെടുത്ത ശേഷം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരെ വച്ചായിരുന്നത്രേ. എന്നെ കാണണം എന്നുള്ളപ്പോള്‍ നിങ്ങള്‍ എന്നെ സ്മരിക്കുകയെ വേണ്ടു, ഞാന്‍ ഇവിടെ എത്തും എന്ന് അനുഗ്രഹിച്ചായിരുന്നു മുനിയുടെ മടക്കം. ഇത് സത്യമാണോ എന്നറിയാന്‍ ചില ബ്രാഹ്മണര്‍ ഇത് പരീക്ഷിക്കുവാന്‍ നിശ്ചയിച്ചു. അങ്ങനെ വീണ്ടും പ്രത്യക്ഷനായ പരശുരാമന്‍, കാരണമൊന്നുമില്ലാതെ തന്നെ വരുത്തിയതിന് അവരോടു കോപിച്ചു. എന്നാല്‍ തങ്ങളുടെ തെറ്റ് പൊറുക്കണം എന്ന അവരുടെ അപേക്ഷയില്‍ ശാന്തനായ മുനി വര്‍ഷത്തിലൊരിക്കല്‍ താന്‍ സൃഷ്ടിച്ചെടുത്ത നാട് സന്ദര്‍ശിക്കാന്‍ എത്തുമെന്ന് ഉറപ്പ് നല്‍കി മടങ്ങി. ആ ദിവസമാണത്രെ തിരുവോണം.
കേരളത്തിലെ വിളവെടുപ്പ് ഉത്സവമാണ് ഓണമെന്ന വിശ്വാസവും ശക്തമാണ്. കര്‍ഷകന്‍റെ അരയും അകവും ഒന്നു പോലെ നിറയുമ്പോള്‍ ഉള്ള സന്തോഷത്തിന്‍റെ ബഹിര്‍ഗമനമാണിത്. ആശ്രിതര്‍, അടിയാളന്മാര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ നാടുവാഴികളെയും ജന്മിമാരെയും സന്ദര്‍ശിച്ചു കാഴ്ചകള്‍ സമര്‍പ്പിക്കുവാനായി തിരുവോണം, വിഷു എന്നീ ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. കാര്‍ഷിക വിളവെടുപ്പിന്‍റെ കാലഘട്ടം കൂടിയായതിനാല്‍ കാലക്രമേണ ഈ രണ്ടു ദിവസങ്ങളില്‍ തിരുവോണം കൂടുതല്‍ വിപുലമായി ആഘോഷിക്കപ്പെടുവാന്‍ തുടങ്ങി, ഇന്നത്തെ ഓണാഘോഷമായി രൂപാന്തരപ്പെട്ടതാണെന്ന് ധാരാളം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രസകരമായ മറ്റൊരു വാദം കൂടിയുണ്ട്. ഇന്നത്തെ ഇറാക്കില്‍പ്പെട്ട അസീറിയയില്‍ നിന്നാണ് ഓണാഘോഷംകേരളത്തില്‍ എത്തിയത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അസീറിയ എന്ന വാക്കിന് അസുരന്മാര്‍ എന്ന വാക്കിനുള്ള സാമ്യം ഇതിന് തെളിവാണ് എന്ന് അവര്‍ സ്ഥാപിക്കുന്നു.
മഹാബലിയെ സംബന്ധിച്ച് അപൂര്‍വ്വവും രസകരവുമായ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ‘മാവേലിയമ്മ’യാണ് ഇതിലെ നായിക. ഭദ്രകാളിയുടെ പിറവിക്ക് മുന്‍പ്, ഭൂമിയിലെത്തിയ ദേവിയാണ് മാവേലിയമ്മ എന്നാണ് വിശ്വാസം. തിരുവോണദിവസം ഓണസദ്യക്ക് മുന്നില്‍ വിളക്ക് കൊളുത്തി വയ്ക്കുന്നത് ഇതുമായി ബന്ധപ്പെട്ടാണ് എന്നും കരുതുന്നു. കാര്‍ത്തിക നാളില്‍ മണ്‍ചിരാതില്‍ വിളക്ക് കത്തിക്കുന്നതും മാവേലിയമ്മ വരും എന്ന വിശ്വാസത്തിലാണ്. അന്നത്തെ ദിവസം, മച്ചിങ്ങത്തോടില്‍ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്കെടുത്ത് ഒരു സ്ത്രീ മുന്നിലും രണ്ട് ആണ്‍ക്കുട്ടികള്‍ പിന്നിലുമായി നടന്നു വീടിന് ചുറ്റും മൂന്ന് വലത്ത് വയ്ക്കും. കൂട്ടത്തില്‍ പല വൃക്ഷങ്ങളുട പേര് ചൊല്ലി വിളിച്ചതിന് ശേഷം “ഒരാണ്ടിലൊരിക്കല്‍ വരുന്ന മാവേലിയമ്മയ്ക്ക് അരിയോ അരി” എന്ന് വിളിച്ചു പറയും. ഈ മാവേലിയമ്മയെയാണ് പിന്നീട് തെറ്റിദ്ധരിച്ചു മഹാബലിയാക്കിയതെന്നും പറയപ്പെടുന്നു.
Post Your Comments