Latest NewsNewsTechnology

മൈക്രോസോഫ്റ്റില്‍ വന്‍ സുരക്ഷാവീഴ്ച അറിയിച്ച മലയാളിക്ക് അംഗീകാരം

 

കോഴിക്കോട്: മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ സുരക്ഷാവീഴ്ച്ച കണ്ടെത്തിയ മലയാളി യുവാവിന് മൈക്രോസോഫ്റ്റിന്റെ അനുമോദനം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലൈഷാജ് ബി.എമ്മാണ് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്‌പോണ്‍സ് സെന്ററിന്റെ അനുമോദന പട്ടികയില്‍ ഇടം നേടിയത്. മൈക്രോ സോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവ രഹസ്യമായി മൈക്രോസോഫ്റ്റിന്റെ സുരക്ഷാ വിഭാഗത്തെ അറിയിച്ച് സഹായിക്കുകയും ചെയ്യുന്നവരെ അനുമോദിച്ചുകൊണ്ടുള്ള പട്ടികയിലാണ് ലൈഷാജിന്റെ പേരും ഇടം പിടിച്ചത്

ഒരു മാസം മുമ്പാണ് മൈക്രോസോഫ്റ്റിന്റെ സബ് ഡൊമൈനുകളില്‍ ഏറെ പ്രചാരമുള്ള ഒന്നിന്റെ സുരക്ഷാ വീഴ്ചയാണ് ലൈഷാജ് കണ്ടെത്തിയത്.
‘ഡൊമൈനില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ പാസ്‌വേര്‍ഡ് അല്‍പം സാങ്കേതിക പരിചയമുള്ളൊരാള്‍ക്ക് റിസെറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓടിപിയുടെയോ ഇമെയില്‍ കണ്‍ഫര്‍മേഷന്റേയോ ആവശ്യമില്ല. ഇതുവഴി ഉപയോക്താവിന്റെ അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം മറ്റൊരാള്‍ക്ക് കയ്യടക്കാനും സാധിക്കും. ഇക്കാര്യം ശ്രദ്ധയില്‍പെട്ടയുടനെ മൈക്രോസോഫ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.’

മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരിയായ ലൈഷാജിന് ഐടി മേഖലയില്‍ ഔദ്യോഗിക വിദ്യാഭ്യാസമൊന്നുമില്ല. ചെറുപ്പം തൊട്ടുതന്നെയുള്ള കമ്പ്യൂട്ടര്‍സാങ്കേതിക വിദ്യയോടുള്ള താല്‍പര്യം മൂലം അദ്ദേഹം അവയെല്ലാം സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ബഹ്‌റിനിലെ ഒരു കോര്‍പ്പറേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലൈഷാജ് ജോലിക്കൊപ്പം തന്നെ ഇന്റര്‍നെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്.

സുരക്ഷാ വീഴ്ച്ചകണ്ടെത്തുന്നവര്‍ക്ക് റിവാര്‍ഡ് വാഗ്ദാനം ചെയ്യുന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ഡൊമൈനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാല്‍ മൈക്രോസോഫ്റ്റില്‍ നിന്നും നല്ലൊരു തുക പാരിതോഷികമായും ലൈഷാജിന് ലഭിക്കാനിടയുണ്ട്.
നേരത്തെ ഇന്റലിന്റെ (Intel) ഓണ്‍ലൈന്‍ സേവനത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനുള്ള അംഗീകാരവും ലൈഷാജിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗൂഗിളിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങളിലാണ് അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button