Latest NewsNewsIndia

പുതിയ വിമാനങ്ങളുടെ എന്‍ജിന്‍ ചതിച്ചു: ഇന്‍ഡിഗോ കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കുന്നു

ന്യൂഡല്‍ഹിഎന്‍ജിന്‍ തകരാര്‍ പതിവായതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ 84 സര്‍വീസുകള്‍ റദ്ദാക്കി. പുതുതായി ലഭിച്ച എയര്‍ബസ് എ-320 നിയോ വിമാനങ്ങളിലെ പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി എന്‍ജിനുകള്‍ക്കാണ്‌ പ്രശ്നം. ഇതുമൂലം ഇന്‍ഡിഗോയ്ക്ക് 13 വിമാനങ്ങളാണ് നിലത്തിറക്കേണ്ടി വന്നിരിക്കുന്നത്. ഇവ ഉപയോഗിച്ച് നടത്തിയിരുന്ന 80 ലേറെ പ്രതിദിന സര്‍വീസുകളാണ് തടസപ്പെടുന്നത്.

എന്‍ജിന്‍ തകരാറുകള്‍ പതിവായതോടെ കഴിഞ്ഞ ആഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡി.ജി.സി.എ ഉദ്യോഗസ്ഥരും എന്‍ജിന്‍ നിര്‍മാണ കമ്പനി എക്സിക്യൂട്ടീവുകളും എയര്‍ബസ്, ഇന്‍ഡിഗോ, ഗോഎയര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിളിച്ച യോഗത്തിന് ശേഷമാണ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കുന്നതിനുള്ള തീരുമാനമുണ്ടാകുന്നത്.

ഇന്‍ഡിഗോയുടെ എതിരാളികളായ ഗോ എയറിനും അമേരിക്കന്‍ കമ്പനിയായ യുണൈറ്റഡ് ടെക്നോളജീസ്‌ എന്‍ജിന്‍ പ്രശ്നങ്ങള്‍ മൂലം എയര്‍ബസില്‍ നിന്നും വിമാനങ്ങള്‍ ഡെലിവറി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.

നേരത്തെ, എന്‍ജിന്‍ പ്രശ്നങ്ങള്‍ക്ക് യുണൈറ്റഡ് ടെക്നോളജീസ്‌ ഇന്‍ഡിഗോയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് എത്ര തുകയാണെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

എന്‍ജിന്‍ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്‍ജിനുകള്‍ നീക്കം ചെയ്ത് പകരം ഘടിപ്പിക്കാന്‍ സ്പെയര്‍ എന്‍ജിനുകള്‍ ഇല്ലാത്തതാണ് ഇന്‍ഡിഗോ നേരിടുന്ന പ്രശ്നം. സര്‍വീസ് തടസം നേരിടുന്നത് കുറച്ച് വെല്ലുവിളിയുണ്ടാക്കുന്നതാണെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.

10 ഇന്ത്യന്‍ വിമാനയാത്രക്കാരില്‍ 4 പേരും ഇന്‍ഡിഗോയിലാണ് യാത്ര ചെയ്യുന്നതെന്നാണ് കണക്കുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ എയര്‍ബസ് 320 നിയോ വിമാനവ്യൂഹവുമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. 430 എയര്‍ബസ് 320 നിയോ വിമാനങ്ങളാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ 22 എണ്ണം ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയ്ക്ക് 141 വിമാനങ്ങളാണ് നിലവിലുള്ളത്. ഇവ ഉപയോഗിച്ച് 7 വിദേശ നഗരങ്ങള്‍ ഉള്‍പ്പടെ 48 നഗരങ്ങളിലേക്ക് 918 പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button