ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് ഭക്ഷ്യശാലകളില്‍ പരിശോധന ഊര്‍ജിതമാക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഒരുക്കമായി ഇത്തവണ ദോഹ നഗരസഭ ഭക്ഷ്യശാലകളിലും കടകളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. കമ്പോളങ്ങളിലും മറ്റും ഇക്കാലയളവില്‍ വില്‍ക്കുന്ന വിഭവങ്ങള്‍ ആരോഗ്യകരമാണെന്നു ഉറപ്പുവരുത്തുകയാണ് നഗരസഭയുടെ ലക്ഷ്യം.
ഇതിനു വേണ്ടിയുള്ള പ്രത്യേക പരിശോധന ഞായര്‍ മുതല്‍ ആരംഭിക്കും. പരിശോഘനയ്ക്കുളള സമഗ്ര ആരോഗ്യ സുരക്ഷാ വിഭാഗം കര്‍മപദ്ധതി തയാറാക്കിയതായി ദോഹ നഗരസഭ അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ്, അറവുശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് വെള്ളി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ആറുവരെ തുടര്‍ച്ചയായി പരിശോധനയുണ്ടാവും. വെള്ളി രാവിലെ അഞ്ചുമുതല്‍ 10 വരെയും ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് ആറുവരെയും രണ്ടു ഷിഫ്ടുകളിലായാണ് ഹെല്‍ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയ്ക്കെത്തുക.
ഇറച്ചി ആവശ്യാനുസരണം ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ വെള്ളിയൊഴികെ എല്ലാദിവസവും രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്കു മൂന്നുവരെ അറവുശാലകള്‍ പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റിനോടുചേര്‍ന്ന അറവുശാല വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കും. വെള്ളി രാവിലെ അഞ്ചുമുതല്‍ 10 വരെ മാത്രമേ ഇവിടെ പ്രവര്‍ത്തനമുണ്ടാകൂ. സെന്‍ട്രല്‍ മാര്‍ക്കറ്റിലേയും കോര്‍ണിഷിലേയും മീന്‍ചന്തകളിലും പരിശോധന ശക്തമാക്കുന്നുണ്ട്.
Post Your Comments